ചെന്നൈ : ബി.ജെ.പി.യാണ് ഹിന്ദുക്കളുടെ യഥാർഥശത്രുവെന്നും അതു തുറന്നുകാട്ടുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
വ്യാഴാഴ്ച ചെന്നൈയിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് സ്റ്റാലിന്റെ പരാമർശം.
ബി.ജെ.പി. സ്വയംരക്ഷിക്കാൻ മതം കൈയിലെടുക്കുന്നു. ബി.ജെ.പി.യുടെ പരാജയങ്ങളും തമിഴ്വിരുദ്ധ മനോഭാവവും തുറന്നുകാട്ടുമെന്നും സ്റ്റാലിൻ പറഞ്ഞു.
ബി.ജെ.പി.ക്ക് കൂടുതൽ വോട്ടുലഭിക്കുന്നത് ഉത്തരേന്ത്യയിൽനിന്നാണ്.
എന്നിട്ടും ഹിന്ദി സംസാരിക്കുന്ന അവിടത്തെ ജനങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടായോ -സ്റ്റാലിൻ ചോദിച്ചു. കോവിഡ് വ്യാപനവേളയിൽ പൊടുന്നനെ കർഫ്യൂ ഏർപ്പെടുത്തിയപ്പോൾ ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ ബസ് സൗകര്യം പോലും നൽകിയില്ല.
നാടെത്താനായി അവരെ നൂറുകണക്കിന് കിലോമീറ്റർ നടത്തിച്ചതിനുപിന്നിലെ ക്രൂരത കണ്ണീരിലാഴ്ത്തുന്നു.
ഇപ്പോൾ രാമക്ഷേത്രം കാണിച്ച് ഉത്തരേന്ത്യക്കാരെ വഴിതിരിച്ചുവിടുകയാണ് ബി.ജെ.പി സർക്കാർ.
അടുത്തിടെ സേലത്ത് നടന്ന ഡി.എം.കെ. യുവജനസമ്മേളനത്തിലെ മുഖ്യപ്രമേയങ്ങളിൽ ഒന്ന് ‘ഹിന്ദുക്കളുടെ യഥാർഥ ശത്രു ബി.ജെ.പി.യാണെന്നും അത് ഞങ്ങൾ തുറന്നുകാട്ടും’ എന്നുമായിരുന്നു.
അതിനുള്ള ശ്രമം എല്ലാവരും ആരംഭിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.