ചെന്നൈ : തമിഴ്നാട്ടിൽ 14 തീരദേശജില്ലകളിലെ മത്സ്യത്തൊഴിലാളികൾ രാഷ്ട്രീയപ്പാർട്ടിയുണ്ടാക്കുന്നു.
‘നമ്മുടെ വോട്ട് നമ്മുടെ സ്വന്തം ആളുകൾക്ക്’ എന്ന മുദ്രാവാക്യമുയർത്തിയാണ് പാർട്ടി രൂപവത്കരിക്കുന്നത്.
പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ആദ്യമായി മത്സരിക്കാനും പദ്ധതിയിടുന്നുണ്ട്.
ലഘുലേഖകളും നോട്ടീസുകളും വരുംദിവസങ്ങളിൽ വിതരണംചെയ്യും. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയപ്പാർട്ടികൾ തങ്ങൾക്ക് അർഹമായ അംഗീകാരം നൽകുന്നില്ലെന്നും പ്രശ്നപരിഹാരത്തിന് നടപടിയെടുക്കുന്നില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
മത്സ്യത്തൊഴിലാളികളുടെ സംഘടിതശക്തിയെ ആരും തിരിച്ചറിയുന്നില്ലെന്നും ഇവർ പറയുന്നു. ഈ ചിന്തയിൽനിന്നാണ് പുതിയ പാർട്ടിയുടെ പിറവിയെന്ന് പ്രമുഖ മത്സ്യത്തൊഴിലാളി യൂണിയൻ നേതാവ് കെ. ഭാരതി പറഞ്ഞു.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പട്ടയം പോലും നിഷേധിക്കപ്പെടുകയാണെന്നും തങ്ങൾ കൈയേറ്റക്കാരായി മുദ്രകുത്തപ്പെടുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു.