ചെന്നൈ : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരേ തമിഴ്നാട്ടിലെ രാഷ്ട്രീയകക്ഷികൾ രംഗത്തെത്തി.
കേരളത്തിന്റെ വാദം അംഗീകരിക്കരുതെന്ന് പി.എം.കെ. നേതാവ് എസ്. രാംദാസും എം.ഡി.എം.കെ. നേതാവ് ദുരൈ വൈകോയും മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവവും തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിൽ ഇപ്പോഴുള്ള അണക്കെട്ടിനു സമാന്തരമായി പുതിയ അണക്കെട്ട് നിർമിക്കുക മാത്രമാണ് ജനങ്ങളുടെ സുരക്ഷയുറപ്പാക്കാനുള്ള വഴിയെന്ന് കേരള നിയമസഭയിലെ നയപ്രഖ്യാപനപ്രസംഗത്തിൽ പറഞ്ഞതാണ് തമിഴ്നാട്ടിലെ രാഷ്ട്രീയകക്ഷികളെ പ്രകോപിപ്പിച്ചത്.
ഈ നിലപാട് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാനേ ഉപകരിക്കൂവെന്ന് പി.എം.കെ. സ്ഥാപകനേതാവ് എസ്. രാംദാസ് അഭിപ്രായപ്പെട്ടു.
അണക്കെട്ട് ഭദ്രമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും എല്ലാവർഷവും നയപ്രഖ്യാപന പ്രസംഗത്തിൽ കേരളസർക്കാർ ഇതേ വാദം ആവർത്തിക്കുന്നത് കഷ്ടമാണെന്ന് രാംദാസ് പ്രസ്താവനയിൽ പറഞ്ഞു.
കേരളസർക്കാരിന്റെ ആവശ്യത്തിന് തമിഴ്നാടോ കേന്ദ്രമോ വഴങ്ങരുതെന്ന് എം.ഡി.എം.കെ. നേതാവ് ദുരൈ വൈകോ പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയമില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി സാക്ഷ്യപ്പെടുത്തിയിട്ട് 10 മാസം കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നും നിലവിലുള്ളത് ബലപ്പെടുത്തുകയാണ് വേണ്ടതെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയനെ അസന്ദിഗ്ധമായി അറിയിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം ആവശ്യപ്പെട്ടു.