ചെന്നൈ: തമിഴ്നാട്ടിൽ ഫെബ്രുവരി ഒന്നുമുതൽ മദ്യവില വർധിപ്പിക്കാൻ തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ (ടാസ്മാക്) തീരുമാനിച്ചു. 750 മില്ലിലിറ്റർ മദ്യത്തിന് 40 മുതൽ 80 രൂപവരെയാണ് വർധന.
ടാസ്മാക്കിന്റെ തീരുമാനമനുസരിച്ച് വില കുറഞ്ഞതും ഇടത്തരം വിലയുള്ളതുമായ 180 മില്ലിലിറ്റർ മദ്യത്തിന് 10 രൂപ കൂടും.
375 മില്ലിലിറ്റർ മദ്യത്തിന് 20 രൂപയും 750 മില്ലിലിറ്ററിന് 40 രൂപയും വർധിക്കും. പ്രീമിയം ബ്രാൻഡുകൾക്ക് 180 മില്ലിലിറ്ററിന് 20 രൂപയും 375 മില്ലിലിറ്ററിന് 40 രൂപയും 750 മില്ലിലിറ്ററിന് 80 രൂപയും കൂടും.
ബിയർ എല്ലാ ബ്രാൻഡിനും കുപ്പിക്ക് 10 രൂപകൂടും.
രണ്ടുവർഷത്തിനുശേഷമാണ് സംസ്ഥാനത്ത് മദ്യവില വർധിപ്പിക്കുന്നതെന്ന് ടാസ്മാക് വൃത്തങ്ങൾ അറിയിച്ചു.
ഇറക്കുമതി ചെയ്ത വിദേശമദ്യത്തിന്റെ വില കഴിഞ്ഞ സെപ്റ്റംബറിൽ കൂട്ടിയിരുന്നു.
പൊതുമേഖലാസ്ഥാപനമായ ടാസ്മാക്കാണ് സംസ്ഥാനത്ത് മദ്യവിൽപ്പന നടത്തുന്നത്. 2022-23 വർഷം ടാസ്മാക്കിന്റെ വിറ്റുവരവ് 44,099 കോടി രൂപയായിരുന്നു.