ചെന്നൈ : വൈദ്യുതിനിരക്ക് കുത്തനെ ഉയർത്തിയെങ്കിലും തമിഴ്നാട് വൈദ്യുതിവിതരണ കോർപ്പറേഷ(ടാൻജെഡ്കോ)ന്റെ നഷ്ടം വർധിച്ചു.
2022-23 സാമ്പത്തികവർഷം കോർപ്പറേഷന്റെ നഷ്ടം 9,192 കോടി രൂപയാണ്. മുൻവർഷത്തെ അപേക്ഷിച്ച് 60 കോടിരൂപ കൂടുതലാണിത്.
ഉപഭോഗം വർധിച്ചതിനനുസരിച്ച് പുറമേനിന്ന് വലിയവിലയ്ക്ക് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വന്നതും ഉത്പാദനച്ചെലവ് വർധിച്ചതുമാണ് നഷ്ടം കൂടാൻ കാരണം.
2022-23 സാമ്പത്തികവർഷം കോർപ്പറേഷന്റെ മൊത്തവരുമാനം 82,400 കോടി രൂപയായിരുന്നെന്ന് വാർഷികറിപ്പോർട്ടിൽ പറയുന്നു.
ചെലവ് 91,592 കോടി രൂപയായിരുന്നു. 7,825 കോടി രൂപയുടെ നഷ്ടം പ്രതീക്ഷിച്ച സ്ഥാനത്താണ് 9,192 കോടി രൂപ നഷ്ടംവന്നത്.
കോവിഡിനുശേഷം വ്യവസായശാലകളും വ്യാപാര സ്ഥാപനങ്ങളും തുറന്നതോടെ വൈദ്യുതി ഉപഭോഗം പെട്ടെന്ന് കൂടിയപ്പോൾ കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നു.
ചെലവിന്റെ 50 ശതമാനത്തിലേറെയും ഈ ഇനത്തിലായിരുന്നു. കൽക്കരിവില ഉയർന്നതുകാരണം ഉത്പാദനച്ചെലവിലും വർധനവന്നു.
വായ്പകളുടെ പലിശയാണ് മറ്റൊരു പ്രധാന ചെലവ്. 2022-23 സാമ്പത്തികവർഷം കോർപ്പറേഷന്റെ മൊത്തം ബാധ്യത 1.53 ലക്ഷംകോടി രൂപയാണ്.
ഉപഭോക്തൃ വിലസൂചികയനുസരിച്ച് എല്ലാവർഷവും വൈദ്യുതിനിരക്ക് പുനർനിർണയിക്കാൻ തമിഴ്നാട് വൈദ്യുതിനിയന്ത്രണ കമ്മിഷൻ ടാൻജെഡ്കോയ്ക്ക് അനുമതിനൽകിയിട്ടുണ്ട്.
ഇതനുസരിച്ച് 2022 ഏപ്രിലിലും 2023 ഏപ്രിലിലും നിരക്ക് വർധിപ്പിച്ചു. അടുത്ത വർധന ഈവർഷമുണ്ടാവും. ഇതിലൂടെ 2025-26 സാമ്പത്തികവർഷത്തോടെ കോർപ്പറേഷൻ നഷ്ടത്തിൽനിന്ന് കരകയറുമെന്നാണ് പ്രതീക്ഷിക്കുന്നത്.