ചെന്നൈ: നഗരത്തിലെ സ്കൂളിൽ കളിക്കുന്നതിനിടെ തമിഴ് സംസാരിച്ചതിന് അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ ചെവി വലിച്ചുകീറിയെന്ന് പരാതി.
തിരുവൊട്ടിയൂർ സ്വദേശികളുടെ മകൻ മനീഷ് മിത്രനാ(10)ണ് പരുക്കേറ്റത്. കുട്ടിക്ക് സ്കൂളിൽ വച്ച് വീണു പരുക്കേറ്റെന്ന വിവരത്തെ തുടർന്ന് മാതാപിതാക്കൾ എത്തിയപ്പോൾ ചെവി മുറിഞ്ഞുതൂങ്ങിയ നിലയിൽ കണ്ടു.
തുടര്ന്ന് വിദ്യാർഥിയെ ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെവിത്തടം ശരിയാക്കാൻ പ്ലാസ്റ്റിക് സർജറിയും ചെയ്തു.
എന്നാല് ഇതിനുശേഷം കുട്ടി യഥാർഥ കാരണം വെളിപ്പെടുത്തുകയായിരുന്നു. കളിക്കുന്നതിനിടെ സഹപാഠിയോട് തമിഴിൽ സംസാരിച്ചതിന്റെ പേരിലാണ് അധ്യാപിക തന്റെ ചെവി പിടിച്ചുവലിച്ചതെന്നു കുട്ടി അമ്മയോട് പറഞ്ഞു.
ഇതിൽ പ്രകോപിതരായ രക്ഷിതാക്കൾ സ്കൂളിലെത്തി ബഹളമുണ്ടാക്കി. അധ്യാപികയും തട്ടിക്കയറിയതോടെ കുട്ടിയുടെ അമ്മ ഇവരെ മർദിച്ചെന്നും പരാതിയുണ്ട്.
പിന്നാലെയാണ് മാതാപിതാക്കൾ റോയപുരം പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അധ്യാപിക നായകിക്കെതിരെ പോലീസ് കേസെടുത്തു. മർദിച്ചെന്ന് ആരോപിച്ച് അധ്യാപികയും ചികിത്സ തേടി.