ചെന്നൈ: കോയമ്പേട് ബസ് സ്റ്റാൻഡിൽനിന്ന് തെക്കൻ ജില്ലകളിലേക്ക് സർവീസ് നടത്തുന്ന എല്ലാ ദീർഘദൂര സ്വകാര്യ സർവീസുകളും ചൊവ്വാഴ്ച മുതൽ കിളാമ്പാക്കത്തുനിന്ന് സർവീസ് നടത്തണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കർ അന്ത്യശാസനം നൽകി.
ഇപ്പോഴും ചില ദീർഘദൂര സ്വകാര്യ ബസുകൾ കോയമ്പേട് ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് യാത്രക്കാരെ കയറ്റി പോകുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
തുടർന്നാണ് ഗതാഗത മന്ത്രി കർക്കശ നിർദേശവുമായി വീണ്ടും മുന്നോട്ട് വന്നത്.
വിഴുപുരം, സേലം, കള്ളക്കുറിച്ചി, കുംഭകോണം, പുതുച്ചേരി, പോളൂർ, തിരുച്ചിറപ്പള്ളി, തിരുവണ്ണാമലൈ, വിരുദാചലം, കടലൂർ, പൺറൂട്ടി തുടങ്ങി സ്ഥലങ്ങളിലേക്കുള്ള 160 ബസുകൾ മാധാവരം ബസ് സ്റ്റാൻഡിൽനിന്ന് സർവീസ് നടത്തും.
ഇ.സി.ആർ. വഴി വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന ബസുകളും പൂനമല്ലി വഴി വെല്ലൂർ, ഹോസൂർ, ആമ്പൂർ, തിരുപ്പത്തൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകളും പതിവു പോലെ കോയമ്പേട് ബസ് സ്റ്റാൻഡിൽനിന്ന് തന്നെ സർവീസ് നടത്തും.
ദീർഘദൂര സ്വകാര്യ ബസുകളിൽ 80 ശതമാനവും കിളാമ്പാക്കം ബസ് സ്റ്റാൻഡിൽനിന്ന് തന്നെയാണ് സർവീസ് നടത്തുന്നത്.
കിളാമ്പാക്കത്തേക്ക് പോകാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എം.ടി.സി. ബസുകൾ ഷട്ടിൽ സർവീസ് നടത്തുന്നുണ്ട്.