അവിഹിത സ്വത്തുകേസ്; പൊന്മുടിയുടെ തടവുശിക്ഷ; ശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവില്ല

0 0
Read Time:3 Minute, 12 Second

ചെന്നൈ : അവിഹിത സ്വത്തുകേസിലെ തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുൻ ഉന്നതവിദ്യാഭ്യാസമന്ത്രി കെ. പൊൻമുടിയും ഭാര്യ വിശാലാക്ഷിയും നൽകിയ അപ്പീലിൽ തമിഴ്‌നാട് വിജിലൻസിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

ശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

കരുണാനിധി മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ, ഖനി വകുപ്പുകൾ കൈകാര്യം ചെയ്യവേ 1.79 കോടി രൂപ അവിഹിതമായി സമ്പാദിച്ചുവെന്ന കേസിൽ കഴിഞ്ഞമാസമാണ് മദ്രാസ് ഹൈക്കോടതി പൊൻമുടിക്കും ഭാര്യയ്ക്കും മൂന്നുവർഷം തടവുശിക്ഷ വിധിച്ചത്.

ജനുവരി 22-ന് മുമ്പ് വിചാരണക്കോടതിക്കു മുന്നിൽ കീഴടങ്ങണമെന്ന ഹൈക്കോടതി നിർദേശം സുപ്രീംകോടതി നേരത്തേ ഇളവുചെയ്തിരുന്നു.

പൊൻമുടിയുടെ അപ്പീലിൽ വിജിലൻസിന് നോട്ടീസ് അയച്ച കോടതി മാർച്ച് നാലിനകം മറുപടിനൽകാൻ നിർദേശം നൽകി.

തിരഞ്ഞെടുപ്പ് വരുന്നതുപരിഗണിച്ച് ശിക്ഷ സ്റ്റേചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് തിങ്കളാഴ്ച ഹർജി പരിഗണിച്ചപ്പോൾ പൊൻമുടിയുടെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി അഭ്യർഥിച്ചു.

പൊൻമുടി മന്ത്രിയും എം.എൽ.എ.യുമായിരുന്നെന്നും സജീവ രാഷ്ട്രീയക്കാരനാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു.

എന്നാൽ, ഇക്കാര്യത്തിൽ തിരക്കു കൂട്ടേണ്ടതില്ലെന്നും നോട്ടീസിനുള്ള മറുപടി വരട്ടെയെന്നും കോടതി പറഞ്ഞു.

പൊൻമുടിയെയും ഭാര്യയെയും കുറ്റവിമുക്തരാക്കിക്കൊണ്ട് വിഴുപുരത്തെ പ്രത്യേക കോടതി 2016-ൽ പുറപ്പെടുവിച്ച വിധി റദ്ദാക്കിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതി ഇവർ കുറ്റക്കാരാണെന്ന് വിധിച്ചത്.

ഡി.എം.കെ. ഡെപ്യൂട്ടി ജനറൽ സെക്രട്ടറികൂടിയായ പൊൻമുടിക്ക് ഇതോടെ മന്ത്രിസ്ഥാനവും നിയമസഭാംഗത്വവും നഷ്ടമായി.

കീഴ്‌ക്കോടതിയുടെ വ്യക്തമായ വിധി റദ്ദാക്കിയ ഹൈക്കോടതിനടപടി തെറ്റാണെന്ന് പൊൻമുടിയും ഭാര്യയും സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ ചൂണ്ടിക്കാണിച്ചു.

മന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് ഒരുമിച്ചു ചേർത്ത് മൂല്യംനിർണയിച്ചത് ശരിയല്ലെന്നും അപ്പീലിൽ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts