ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റിലും ബി.ജെ.പി. സഖ്യം വിജയിക്കുമെന്ന് കേന്ദ്രമന്ത്രി എൽ. മുരുകൻ അവകാശപ്പെട്ടു. നാമക്കലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നൂ അദ്ദേഹം.
“ഇന്ത്യയിൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പി.യൊ സഖ്യകക്ഷികളൊ ആണ്. തമിഴ്നാട്ടിൽ പാർട്ടിക്ക് നാല് എം.എൽ.എ.മാരുണ്ട്. സംസ്ഥാനത്തെ ജനങ്ങൾ ഇപ്പോൾ ബി.ജെ.പി.യെ പിന്തുണയ്ക്കുന്നുണ്ട്. പുതുച്ചേരിയിൽ ബി.ജെ.പി.ക്ക് ഒരു രാജ്യസഭാംഗമുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റും ബി.ജെ.പി. സഖ്യംനേടും. ദേശീയതലത്തിൽ 400 സീറ്റുനേടി നരേന്ദ്രമോദി മൂന്നാംതവണയും പ്രധാനമന്ത്രിയാവും” -മുരുകൻ പറഞ്ഞു.
പ്രതിപക്ഷ ഇന്ത്യ സഖ്യത്തിൽ ആകെ കുഴപ്പങ്ങളാണെന്ന് മുരുകൻ പറഞ്ഞു. തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പുതന്നെ തനിച്ചു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോൾ നിതീഷ്കുമാർ മുന്നണി മാറി. ഇന്ത്യ സഖ്യത്തിലെ കോൺഗ്രസിനും സി.പി.എമ്മിനും കേരളത്തിൽ ഒരു മുന്നണിയായി നിൽക്കാൻ പറ്റില്ല. തമിഴ്നാട്ടിൽ ചില കക്ഷികൾ സഖ്യംവിടാൻ ഒരുങ്ങുകയാണ് -അദ്ദേഹം പറഞ്ഞു.