ചെന്നൈ : ചെന്നൈയിൽ മൂന്ന് ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി.) പാർക്കുകൾ സ്ഥാപിക്കാനുള്ളനടപടികൾ സർക്കാർ ആരംഭിച്ചു.
ഇതിലൂടെ 5000-ത്തിലധികംപേർക്ക് തൊഴിൽ ലഭിക്കും. ചെന്നൈ ഔട്ടർ റിങ് റോഡിനടുത്തായുള്ള മന്നിവാക്കം, മലയമ്പാക്കം, വണ്ടല്ലൂർ പ്രദേശങ്ങളിലാണ് പുതിയ ഐ.ടി. പാർക്കുകൾ സ്ഥാപിക്കുക.
ഇതിനായി ടൈഡൽ പാർക്ക് ടെക്നോളജി കമ്പനിയുടെ അപേക്ഷയ്ക്ക് ചെന്നൈ മെട്രോപൊളിറ്റൻ ഡിവലപ്പ്മെന്റ് അതോറിറ്റി (സി.എം.ഡി.എ) പ്രാഥമിക അനുമതിനൽകി.
ഭൂപ്രദേശം തിരഞ്ഞെടുത്ത് മെച്ചപ്പെടുത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്.
മലയമ്പാക്കത്തെ ഐ.ടി പാർക്കിന് 5.33 ഏക്കർ ഭൂമിയാണ് അനുവദിച്ചിരിക്കുന്നത്.
ഏക്കറിന് മൂന്ന് കോടി രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 5.04 ഏക്കറിലാണ് മന്നിവാക്കത്ത് ഐ.ടി.പാർക്ക് ഉയരുക.
ഏക്കറിന് അഞ്ചുകോടി രൂപയുടെ ഭൂമി ഇതിനായി നൽകി. വണ്ടല്ലൂരിൽ അരയേക്കർ സ്ഥലത്താണ് ഐ.ടി.പാർക്ക് സ്ഥാപിക്കുക.
ഏക്കറിന് 8.05 കോടി രൂപയാണ് ഭൂമിവില. മൂന്ന് ഐ.ടി പാർക്കുകളുടെയും നിർമാണം ഒന്നര വർഷത്തിനകം പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
അയ്യായിരത്തിലധികം പേർക്ക് തൊഴിൽ നൽകുന്നതിനൊപ്പം സോഫ്റ്റ്വേർ കയറ്റുമതിയിൽ കൂടുതൽവളർച്ച കൈവരിക്കാൻ കൂടിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.