Read Time:1 Minute, 10 Second
ചെന്നൈ: ഇന്ന് വൈകിട്ട് നന്ദനം വൈഎംസിഎ ഗ്രൗണ്ടിൽ നടക്കുന്ന സംഗീത പരിപാടിക്ക് എത്തുന്നവർക്ക് മെട്രോയിൽ സൗജന്യ യാത്രാസൗകര്യം ലഭ്യമാക്കും.
സംഗീതനിശയുടെ സംഘാടകരും സിഎംആർഎല്ലും ഇതു സംബന്ധിച്ച ധാരണയിലെത്തി. സംഗീത പരിപാടിക്കായി ടിക്കറ്റെടുത്തിട്ടുള്ള എല്ലാവർക്കും സംഘാടകർ സൗജന്യ മെട്രോ ടിക്കറ്റ് വിതരണം ചെയ്യും.
തങ്ങളുടെ താമസസ്ഥലത്തിന് അടുത്തുള്ള മെട്രോ സ്റ്റേഷൻ മുതൽ നന്ദനം മെട്രോ വരെയും തിരിച്ചുമുള്ള യാത്രയ്ക്കാണ് ഈ സൗകര്യം ഒരുക്കുന്നത്.
വൻ ജനക്കൂട്ടമെത്തുന്ന പരിപാടികൾ ആസൂത്രണം ചെയ്യുന്നവർക്കു സമാനമായ യാത്രാ സൗജന്യങ്ങൾ ഏർപ്പെടുത്തുന്നതിനായി ചെന്നൈ മെട്രോയെ സമീപിക്കാമെന്ന് സിഎംആർഎൽ അധികൃതർ പറഞ്ഞു.