ചെന്നൈ : മണ്ണിൽ പൊന്നുവിളയിക്കാൻ കർഷകനെ പഠിപ്പിച്ച ഹരിതവിപ്ലവശില്പി ഡോ. എം.എസ്. സ്വാമിനാഥന് മരണാനന്തര ബഹുമതിയായി ഭാരതരത്ന സമ്മാനിക്കുമെന്ന പ്രഖ്യാപനം തമിഴ്നാട്ടിനും കേരളത്തിനുമുള്ള അംഗീകാരമായി മാറി.
ജനിച്ചുവളർന്നത് തമിഴ്നാട്ടിലാണെങ്കിലും സ്വാമിനാഥൻ തറവാടായി കരുതിയത് കേരളത്തെയാണ്.
അദ്ദേഹത്തിന്റെ കർമമേഖലകളിൽ കേരളത്തിന് പ്രധാന സ്ഥാനമുണ്ടായിരുന്നു.
ഇന്ത്യയുടെ കാർഷികമേഖലയ്ക്ക് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ ഡോ. സ്വാമിനാഥനുള്ള ഭാരതരത്നബഹുമതി ഏറെക്കാലമായി രാജ്യം പ്രതീക്ഷിച്ച അംഗീകാരമാണെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ. രവി പറഞ്ഞു.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി ഡോ. സ്വാമിനാഥൻ നടത്തിയ ഗവേഷണങ്ങൾക്കുള്ള അംഗീകാരമാണ് ഭാരതരത്ന ബഹുമതിയെന്ന് അദ്ദേഹത്തിന്റെ മകളും സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ അധ്യക്ഷയും ലോകാരോഗ്യസംഘടനയുടെ മുൻ മുഖ്യശാസ്ത്രജ്ഞയുമായ ഡോ. സൗമ്യാ സ്വാമിനാഥൻ പറഞ്ഞു.
പുരസ്കാരങ്ങൾക്കോ ബഹുമതികൾക്കോ പിന്നാലെപോയ വ്യക്തിയായിരുന്നില്ല ഡോ. സ്വാമിനാഥൻ.
ജീവിച്ചിരിക്കുമ്പോഴാണ് ഈ ബഹുമതി ലഭിച്ചിരുന്നതെങ്കിൽ അദ്ദേഹം സന്തുഷ്ടനാകുമായിരുന്നെന്നും അവർ പറഞ്ഞു.
കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അവർ നന്ദി പറഞ്ഞു.