ചെന്നൈ : നികുതിരേഖകളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി മദ്രാസ് സർവകലാശാലയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതിവകുപ്പ് മരവിപ്പിച്ചു.
ക്ലറിക്കൽ പിശകും ആശയവിനിമയത്തിലെ അപാകവുമാണ് നടപടികളിലേക്ക് നയിച്ചതെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം.
എന്നാൽ, 2018 മുതൽ സംസ്ഥാന സർക്കാർ സ്ഥാപനത്തിന് ഫണ്ട് അനുവദിക്കാത്തതിലെ സങ്കീർണതകളാണ് ഇതിനുപിന്നിലെന്നും പറയപ്പെടുന്നു.
സർവകലാശാലയുടെ ബാങ്ക് അക്കൗണ്ടിൽ 424 കോടിയിലധികം രൂപയാണുണ്ടായിരുന്നത്. അക്കൗണ്ട് മരവിപ്പിച്ച സാഹചര്യത്തിൽ ദൈനംദിന ചെലവുകൾക്ക് സർവകലാശാല പ്രയാസം നേരിടുകയാണ്.
ഓഡിറ്റിങ് സംബന്ധമായ പ്രശ്നങ്ങൾ കാരണം 2018 മുതൽ സംസ്ഥാനസർക്കാർ സർവകലാശാലയ്ക്ക് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഫണ്ടിന്റെ 50 ശതമാനത്തിൽ കൂടുതൽ സർക്കാരിൽനിന്ന് ലഭിച്ചാൽ മാത്രമേ സർവകലാശാലയെ സർക്കാർസ്ഥാപനമായി കണക്കാക്കൂവെന്നാണ് നിയമം.
എന്നാൽ, 2018 മുതൽ സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ സ്വകാര്യസ്ഥാപനങ്ങൾക്കുള്ള നടപടികൾപോലെ 400 കോടിയിലധികംരൂപ നികുതിയും പിഴയും അടയ്ക്കാൻ ആദായനികുതി വകുപ്പ് സർവകലാശാലയോട് ആവശ്യപ്പെട്ടതായാണ് വിവരം.
ആറുമാസമായി മദ്രാസ് സർവകലാശാലയിൽ വൈസ് ചാൻസലർ പദവി ഒഴിഞ്ഞു കിടക്കുകയാണ്.