ചെന്നൈ: തമിഴ്നാടിലെ മത്സ്യത്തൊഴിലാളികൾക്ക് നേരെയുള്ള അജ്ഞാതരുടെ ആക്രമണം വർധിച്ചുവരുന്നതിൽ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ശ്രീലങ്കയുടെ സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ 28 ദിവസത്തിനിടെ 88 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും 12 ബോട്ടുകൾ ശ്രീലങ്കൻ അധികൃതർ പിടിച്ചെടുത്തതായും സ്റ്റാലിൻ കത്തിൽ പറഞ്ഞു.
” തമിഴ് മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും ശ്രീലങ്കൻ അധികാരികൾ പിടികൂടുന്നത് വളരെ വർധിക്കുന്ന സംഭവങ്ങളിൽ എൻ്റെ ഉത്കണ്ഠ രേഖപ്പെടുത്താനാണ് ഞാൻ എഴുതുന്നത്. ഈ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനുള്ള അവകാശത്തെ ഈ പ്രശ്നം സാരമായി ബാധിക്കുന്നു, ഇവർ ഈ മത്സ്യബന്ധന വള്ളങ്ങൾ തലമുറകളായി ഉപയോഗിക്കുന്നു” സ്റ്റാലിൻ പറഞ്ഞു.