ചെന്നൈ: കലൈഞ്ജർ സെന്റിനറി പുഷ്പോത്സവം കത്തീഡ്രൽ റോഡിലെ സെമ്മൊഴി പൂങ്കയിൽ ഇന്നലെ തുടങ്ങി. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം അനുവദിക്കുക.
മുതിർന്നവർക്ക് 150 രൂപയും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 75 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പൂങ്കയ്ക്ക് എതിർവശത്തുളള ഹോർട്ടികൾചർ വകുപ്പിന്റെ ക്യാംപസിലും സ്റ്റെല്ല മാരിസ് കോളജിലുമാണ് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
12 ലക്ഷത്തിലേറെ ചെടികൾ പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്. അപൂർവയിനമായ പെറ്റൂണിയ ഉൾപ്പെടെയുള്ള പൂച്ചെടികളും ഇവിടെയുണ്ട്.
റോസുകൾ, ടുലിപ്പുകൾ, സീനിയ, ബോൾസം, സൂര്യകാന്തി, നിത്യകല്യാണി, ശംഖുപുഷ്പം തുടങ്ങിയവയുടെ വിവിധ നിറങ്ങളിലും വലുപ്പങ്ങളിലുമുള്ള പൂക്കളുള്ള ചെടികളും ഒരുക്കിയിട്ടുണ്ട്.
ഊട്ടിയിലും കൊടൈക്കനാലിലും നടക്കുന്ന പുഷ്പോത്സവത്തിനു സമാനമായ രീതിയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ചെടികളുടെ മനോഹരദൃശ്യം നഗരവാസികൾക്കു മുന്നിലേക്കെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഹോർട്ടികൾചർ വകുപ്പ് അധികൃതർ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഴ്സറികളിൽ നട്ടുമുളപ്പിച്ച് പരിപാലിച്ച പൂച്ചെടികൾ കഴിഞ്ഞ ഒന്നിനു തന്നെ സെമ്മൊഴി പൂങ്കയിലെത്തിച്ചിരുന്നു.
അന്തരീക്ഷവുമായി ചെടികൾ പൊരുത്തപ്പെടാനാണ് 10 ദിവസം മുൻപു തന്നെ ചെടികളെത്തിച്ചത്.
വിവിധ രൂപങ്ങളിൽ കലാപരമായി ചെടികളെ ക്രമീകരിക്കുന്ന നടപടികളും പൂർത്തിയായി. ഇന്നലെ രാവിലെ 10.30 പ്രദർശനത്തിന്റെ ഉദ്ഘാടനം നടക്കും.
സന്ദർശകർക്ക് ആവശ്യമായ ചെടികൾ ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പ്രദർശനം അവസാനിച്ച ശേഷം പണം നൽകി ചെടികൾ സ്വന്തമാക്കാമെന്ന് അധികൃതർ പറഞ്ഞു.