ചെന്നൈ : തമിഴ് ചലച്ചിത്ര സംവിധായകൻ എം മണികണ്ഠൻ്റെ ദേശീയ അവാർഡ് മെഡലുകൾ മോഷ്ടിക്കപ്പെട്ട് ദിവസങ്ങൾക്ക് ശേഷം, ചൊവ്വാഴ്ച മധുര ജില്ലയിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ മോഷ്ടാക്കൾ ക്ഷമാപണക്കുറിപ്പുമായി അവ തിരികെ നൽകി.
കാക്ക മുട്ടൈ, കടൈസി വിശ്വാസായി തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളുടെ സംവിധായകനാണ് മണികണ്ഠൻ.
ഫെബ്രുവരി എട്ടിന് സംവിധായകൻ മണികണ്ഠൻ്റെ ജില്ലയിലെ ഉസിലംപട്ടിയിലെ ഏഴിൽ നഗറിലെ വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവർന്നിരുന്നു.
എന്നാൽ കൂട്ടത്തിൽ കവർച്ച ചെയ്ത ദേശീയ അവാർഡ് മെഡലുകൾ ഒരു ക്യാരി ബാഗിൽ ഒരു ക്ഷമാപണ കത്തുമായി ചൊവ്വാഴ്ച പുലർച്ചെ മോഷ്ടാക്കൾ അദ്ദേഹത്തിൻ്റെ വീടിൻ്റെ ഗേറ്റിൽ ഉപേക്ഷിച്ചുവെന്നതാണ് കൗതുകകരം. ‘സർ, ഞങ്ങളോട് ക്ഷമിക്കൂ. നിങ്ങളുടെ കഠിനാധ്വാനം നിങ്ങളുടേതാണ്. ” എന്ന കുറിപ്പും അതിനോടൊപ്പം ഉണ്ടായി.
മണികണ്ഠൻ കുടുംബത്തോടൊപ്പം ചെന്നൈയിൽ താമസിക്കുന്നതിനാൽ ഇടയ്ക്കിടെ മധുരയിലെ വീട്ടിൽ വരാറുണ്ട്. അതിനിടെയാണ്, വീട് പൂട്ടിക്കിടക്കുന്നതുകണ്ട് ഫെബ്രുവരി 8ന് വാതിൽ കുത്തിത്തുറന്ന കവർച്ചക്കാർ ഒരു ലക്ഷം രൂപയും പണവും ആഭരണങ്ങളും കാക്ക മുട്ടൈ, കടൈസി വിശ്വാസായി എന്നീ ചിത്രങ്ങൾക്ക് ലഭിച്ച രണ്ട് ദേശീയ അവാർഡ് മെഡലുകളും കവർന്നു.
ഇതേത്തുടർന്ന് ഉസിലംപട്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.