ചെന്നൈ : നഗരത്തിൽ കൊതുകുശല്യം പെരുകുന്നതിനാൽ ഡ്രോൺ ഉപയോഗിച്ച് ജലാശയങ്ങളിൽ കൊതുക് നശീകരണ മരുന്ന് തളിക്കാൻ കോർപ്പറേഷൻ തീരുമാനം.
നഗരമധ്യത്തിലൂടെ ഒഴുകുന്ന കൂവം, അഡയാർ, ബക്കിംഹാം കനാൽ ഉൾപ്പെടെ 234 കിലോമീറ്റർ ദൈർഘ്യമുള്ള ജലാശയങ്ങളിൽ മരുന്ന് തളിക്കും.
ഇതിനായി ആറ്ുഡ്രോണുകൾ ഉപയോഗിക്കും. നഗരത്തിൽ ചൂട് കൂടുന്നതിനൊപ്പം കൊതുകുശല്യവും കൂടിവരുകയാണ്.
ഇതേ ത്തുടർന്നാണ് ആറ്ുഡ്രോണുകൾ ഉപയോഗിച്ച് ഒരാഴ്ച കൊതുക് നശീകരണമരുന്ന് തളിക്കാൻ തീരുമാനിച്ചത്.
അതേ സമയം, മഴക്കാലം കഴിഞ്ഞിട്ടും ഓടകളിൽ മലിനജലം കെട്ടി നിൽക്കുന്നതിനാലാണ് കൊതുക് ശല്യം കൂടിയതെന്ന് നഗരവാസികൾ പറഞ്ഞു.
നഗരത്തിൽ ഓടകളിൽ കൊതുക് നശീകരണ മരുന്ന് തളിക്കുന്നുണ്ടെങ്കിലും കൊതുക് ശല്യം കുറഞ്ഞിട്ടില്ല.
എന്നാൽ വടക്കൻ ചെന്നൈയിൽ കൊതുക് നശീകരണത്തിനായി ഫോഗിങ് ആരംഭിച്ചിട്ടുണ്ടെന്ന് കോർപ്പറേഷൻജീവനക്കാർ പറഞ്ഞു.
വടക്കൻ ചെന്നൈയുടെ വിവിധപ്രദേശങ്ങളിൽ ഓടകളിൽനിന്ന് കോർപ്പറേഷൻ ജീവനക്കാർ മാലിന്യംനീക്കാൻ തുടങ്ങിയിട്ടുണ്ട്.
ചെന്നൈ കോർപ്പറേഷനിലെ 15 സോണുകളിലായി കൊതുക് നശീകരണത്തിനായി 4000 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.