ചെന്നൈ: മണൽ ഖനനത്തിൽ ഏർപ്പെട്ടെന്ന് പറയപ്പെടുന്ന വ്യവസായി പനീർശെൽവം കരികാലൻ്റെ വെസ്റ്റ് സിഐടി നഗറിലെ വസതിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.
രാവിലെ ആരംഭിച്ച തിരച്ചിൽ വൈകുന്നേരം വരെ തുടർന്നതയാണ് റിപ്പോർട്ട്. സംസ്ഥാനത്തുടനീളമുള്ള അനധികൃത മണൽ ഖനനം മൂലം ഖജനാവിന് ഉണ്ടായ നഷ്ടത്തെക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചിരുന്നു.
അന്വേഷണത്തിൻ്റെ ഭാഗമായി 128.34 കോടി രൂപ വിലമതിക്കുന്ന 209 മണൽ ഖനന യന്ത്രങ്ങൾ ഇഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു.
അനുവദനീയമായ പരിധിക്കപ്പുറം മണൽ ഖനനം നടത്താൻ യന്ത്രങ്ങൾ ഉപയോഗിച്ചതായാണ് സംശയിക്കുന്നത്.
എക്സ്വേറ്റർമാർക്ക് പുറമെ തമിഴ്നാട്ടിൽ അനധികൃത മണൽ ഖനനത്തിൽ ഏർപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന ഷൺമുഖം രാമചന്ദ്രൻ, കറുപ്പയ്യ റെത്തിനം, പനീർശെൽവം കരികാലൻ, തുടങ്ങിയവരുടെ 35 ബാങ്ക് അക്കൗണ്ടുകളിലായി 2.25 കോടി രൂപ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ (പിഎംഎൽഎ) 2002 വകുപ്പുകൾ പ്രകാരം ഈ മാസം ആദ്യം കണ്ടുകെട്ടിയിട്ടുണ്ട്.