ചെന്നൈ: എൽഇഡി റൂട്ട് മാപ് കൃത്യമായി പ്രവർത്തിക്കാത്തതിനെ തുടർന്നു മെട്രോ ട്രെയിൻ യാത്രക്കാർക്ക് ആശയക്കുഴപ്പം.
യാത്രയുടെ പുരോഗതി അറിയാനും തൊട്ടടുത്ത സ്റ്റേഷനെപ്പറ്റിയുള്ള വിവരങ്ങൾക്കുമായി യാത്രക്കാർ ഏറെ ആശ്രയിക്കുന്ന എൽഇഡി റൂട്ട് മാപ്പാണു പല കോച്ചുകളിലും കൃത്യമായി പ്രവർത്തിക്കാത്തത്.
മുഴുവൻ സ്റ്റേഷനുകളുടെയും പേരുകൾ അടങ്ങിയ റൂട്ട് മാപ്പിൽ, വരാൻ പോകുന്ന സ്റ്റേഷനുകളുടെ പേരുകൾക്കു ചുവടെ എൽഇഡി െവളിച്ചം കത്തുന്ന സംവിധാനവുമുണ്ടായിരുന്നു.
സ്റ്റേഷൻ പേരുകൾ തമിഴിലും ഇംഗ്ലിഷിലും എഴുതിയ എൽഇഡി റൂട്ട് മാപ് ആണ് ട്രെയിനുകൾക്കുള്ളിൽ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്.
ഒരു സ്റ്റേഷൻ കഴിയുമ്പോൾ അതിനു നേരെയുള്ള വെളിച്ചം അണയുകയും തുടർന്നുവരാനുള്ള സ്റ്റേഷന്റെ പേരുകൾക്കു നേരെ വെളിച്ചം നിലനിൽക്കുകയും ചെയ്യും.
ആദ്യമായി യാത്ര ചെയ്യുന്നവരും നഗരവുമായി വലിയ പരിചയമില്ലാത്തവരും തമിഴ് ഭാഷ വശമില്ലാത്തവരും എൽഇഡി മാപ്പിനെ ആശ്രയിച്ചാണു മെട്രോയിൽ യാത്ര ചെയ്യുന്നത്.
ചില ട്രെയിനുകളിൽ ഈ സംവിധാനം പ്രവർത്തിക്കാത്തത് ഇത്തരം യാത്രക്കാരെയാണു കാര്യമായി ബാധിക്കുന്നത്.
എല്ലാ ട്രെയിനുകളിലും സ്റ്റേഷനെക്കുറിച്ചുള്ള അറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും പേരുകൾ വലിയ പരിചയമില്ലാത്തവർക്ക് അറിയിപ്പ് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും.
പല സ്റ്റേഷനുകളുടെയും പേരുകൾ തമിഴിലും ഇംഗ്ലിഷിലും വ്യത്യസ്തമാണെന്നതും ആശയക്കുഴപ്പം വർധിപ്പിക്കുന്നു.
മറ്റു യാത്രക്കാരുടെ സഹായം തേടിയാണ് പലരും യാത്ര ചെയ്യുന്നത്.
ചെന്നൈയിൽ ഏറെക്കാലമായി താമസിക്കുന്നവരിൽ സ്ഥിരമായി മെട്രോയിൽ യാത്ര ചെയ്യാത്തവർക്കും എൽഇഡി മാപ് പ്രവർത്തിക്കാത്തത് തിരിച്ചടിയാണ്.
സ്റ്റോപ്പുകളുടെ ക്രമം ഓർമയില്ലാത്തതിനാൽ ഇവരും മാപ് ഉപയോഗപ്പെടുത്തിയിരുന്നു.