ചെന്നൈ : സംസ്ഥാനത്തെ സ്കൂളുകളിൽ ആധാർ കേന്ദ്രങ്ങൾ നിലവിൽ വന്നു. വിദ്യാർഥികൾക്ക് സൗജന്യസേവനം നൽകുന്ന ഇടംകൂടിയായി ഇതു മാറും.
സംസ്ഥാന സർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് തമിഴ്നാട് (എൽകോട്ട്) ആധാർ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സ്കൂൾ വിദ്യാഭ്യാസവകുപ്പാണ് മേൽനോട്ടം വഹിക്കുക.
ആദ്യഘട്ടത്തിൽ ഓരോജില്ലയിലും ഓരോ സ്കൂളിൽ നടപ്പാക്കും. ആധാർ വകുപ്പിൽനിന്ന് പരിശീലനം നേടിയ എൽകോട്ടിലെ ജിവനക്കാരായിരിക്കും കേന്ദ്രങ്ങളിലുണ്ടാവുക.
തമിഴ്നാട്ടിൽ 37,000-ത്തോളം സർക്കാർ വിദ്യാലയങ്ങളുണ്ട്. കൂടാതെ ധാരാളം സർക്കാർ എയ്ഡഡ്, സ്വകാര്യ സ്കൂളുകളും.
രണ്ടുകോടിയിലധികം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ആധാർ ലഭിക്കാത്തതിനാൽ കുട്ടികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പുകളും മറ്റും മുടങ്ങുന്ന അവസ്ഥയുണ്ട്.
അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സ്കൂളുകളിലെ ആധാർ കേന്ദ്രങ്ങളിലൂടെ സാധിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
സ്കൂളുകളിലെ ആധാർ കേന്ദ്രങ്ങളിൽനിന്നുള്ള സേവനങ്ങൾ വിദ്യാർഥികൾക്ക് പൂർണമായും സൗജന്യമാണ്.