ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലിയിൽനിന്ന് മത്സരിക്കുന്നകാര്യം പരിഗണിക്കുന്നതായി ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി നേതാവ് ശരത് കുമാർ അറിയിച്ചു.
ഏതുമുന്നണിയിലാണ് മത്സരിക്കുകയെന്ന് തീരുമാനിച്ചിട്ടില്ല. ബി.ജെ.പി.യും അണ്ണാ ഡി.എം.കെ.യും ബന്ധപ്പെട്ടിട്ടുണ്ടെന്നും ആരോടൊപ്പം ചേരണമെന്ന് ഉടൻ വ്യക്തമാക്കുമെന്നും അദ്ദേഹം പറയുന്നു.
അണ്ണാ ഡി.എം.കെ. നേതാവ് ജയലളിതയുമായി അടുപ്പമുണ്ടായിരുന്നെങ്കിലും ഡി.എം.കെ.യിലൂടെയാണ് നടൻ ശരത്കുമാർ രാഷ്ട്രീയത്തിലിറങ്ങിയത്.
1998-ൽ ഡി.എം.കെ. ടിക്കറ്റിൽ തിരുനെൽവേലിയിൽനിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2001-ൽ പാർട്ടി അദ്ദേഹത്തെ രാജ്യസഭയിലേക്കയച്ചു.
പക്ഷേ, 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് അദ്ദേഹം എം.പി.സ്ഥാനം രാജിവെച്ച് അണ്ണാ ഡി.എം.കെ.യിൽ ചേർന്നു.
2007-ലാണ് അണ്ണാ ഡി.എം.കെ. വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കിയത്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് പാർട്ടിക്ക് പ്രധാനമെന്നും അപ്പോഴേക്കും വിശാലസഖ്യത്തിന്റെ ഭാഗമാവുമെന്നും ശരത് കുമാർ പറഞ്ഞു.