ചെന്നൈ : വേനൽക്കാലത്തെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ മലേഷ്യയിൽനിന്ന് ഉടൻ 6.5 ലക്ഷം മെട്രിക് ടൺ കൽക്കരി ഇറക്കുമതി ചെയ്യാനൊരുങ്ങി തമിഴ്നാട് വൈദ്യുതി ഉത്പാദന- പ്രസരണ കോർപ്പറേഷൻ (ടാൻജെഡ്കൊ).
ഈ മാസവും അടുത്ത മാസവുമായി കൽക്കരി ഇറക്കുമതിചെയ്യാനാണ് തീരുമാനം. മാർച്ച് പത്തിനുമുമ്പ് 1.40 ലക്ഷം മെട്രിക് ടൺ കൽക്കരി ഇറക്കുമതിചെയ്യും. ബാക്കിയുള്ളത് പിന്നീടായിരിക്കും.
താപവൈദ്യുതി നിലയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനം കൽക്കരിയുടെ അഭാവംമൂലം ബാധിക്കരുതെന്നുകരുതിയാണ് ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തിലെത്തിയത്.
തമിഴ്നാട്ടിലെ എല്ലാ താപനിലയങ്ങളിലൂടെയും 4320 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇതിനായി പ്രതിദിനം ഏകദേശം 72,000 മെട്രിക്ക് ടൺ കൽക്കരി ആവശ്യമാണ്.
നിലവിൽ ഒഡീഷയിലെ മഹാനദി കൽക്കരിപ്പാടങ്ങളിൽനിന്നും തെലങ്കാനയിലെ സിംഗരേണി ഖനികളിൽ നിന്നുമാണ് കൽക്കരി കൊണ്ടുവരുന്നത്. എന്നാൽ വേനൽ കടുക്കുമ്പോൾ ഇതു മതിയാകാത്ത അവസ്ഥയുണ്ടാകും.
ഇതു പരിഗണിച്ചാണ് ആറു ശതമാനം കൽക്കരി ഇറക്കുമതി ചെയ്യാൻ കേന്ദ്രം പ്രത്യേക അനുമതിയും നൽകിയിട്ടുളളത്. ഇതു പരമാവധി ഉപയോഗപ്പെടുത്താനാണ് തമിഴ്നാടിെന്റ തീരുമാനം.
റഷ്യ-യുക്രൈൻ യുദ്ധം ഉൾപ്പെടെ പല കാരണങ്ങളാൽ കഴിഞ്ഞ രണ്ടുവർഷമായി കൽക്കരിവില ടണ്ണിന് 135 ഡോളറിൽ (11,185 രൂപ)നിന്ന് 140 ഡോളറായി (11,598 രൂപ) ഉയർന്നിരുന്നു. എന്നാൽനിലവിൽ വില ടണ്ണിന് 80 ഡോളറായി (6628 രൂപ) കുറഞ്ഞു.
അതേസമയം ഇന്ത്യൻ കൽക്കരിയുടെ വില ടണ്ണിന് 1750 രൂപ മാത്രമാണ്.
അതിനാൽ, ഒഡീഷയിൽ നിന്നോ തെലങ്കാനയിൽ നിന്നോ കൽക്കരി വാങ്ങുന്നത് കൂടുതൽ ലാഭകരമായിരിക്കുമെന്ന് കരുതി ടാൻജെഡ്കൊ കൽക്കരി മന്ത്രാലയം നടത്തിയ കൽക്കരിഖനി ലേലത്തിൽ സജീവമായി പങ്കെടുത്തിരുന്നു.
ഒഡീഷയിലെ അംഗുലിലുള്ള സഖിഗോപാൽ കൽക്കരി ഖനികൾ തങ്ങൾക്ക് സ്വന്തമാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ടാൻജഡ്കൊ അധികൃതർ അറിയിച്ചു..