ചെന്നൈ : അണ്ണാ ഡി.എം.കെ. കൈവിട്ടതിനു പിന്നാലെ ബദൽസഖ്യമുണ്ടാക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ തമിഴ്നാട്ടിൽ ചെറുകക്ഷികളുമായി ചേർന്ന് മത്സരിക്കാൻ ബി.ജെ.പി.
തമിഴ് മാനില കോൺഗ്രസ് മാത്രമാണ് ബി.ജെ.പി. സഖ്യത്തിലുള്ളത്. അതിനാൽ സംസ്ഥാനത്തെ ഒട്ടുമിക്ക സീറ്റുകളിലും നേരിട്ട് മത്സരിക്കാൻ ബി.ജെ.പി. തയ്യാറെടുക്കുകയാണ്.
സംസ്ഥാനത്തെ 39 സീറ്റുകളിൽ 25 സീറ്റുകളിലെങ്കിലും പാർട്ടി മത്സരിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു.
അണ്ണാ ഡി.എം.കെ., പി.എം.കെ., ഡി.എം.ഡി.കെ. എന്നിവരുമായി സഖ്യമുണ്ടായിരുന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഞ്ചുസീറ്റുകളിലാണ് ബി.ജെ.പി. മത്സരിച്ചത്.
അന്ന് പാർട്ടിക്കുവേണ്ടി മത്സരിച്ച പ്രമുഖരിൽ രണ്ടുപേർ ഗവർണർമാരാണ്. തൂത്തുക്കുടിയിൽ കനിമൊഴിക്കെതിരേ മത്സരിച്ച തമിഴിസൈ സൗന്ദർരാജൻ തെലങ്കാന ഗവർണറാണ്.
പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുടെ അധികച്ചുമതല കൂടി വഹിക്കുന്ന തമിഴിസൈയെ പുതുച്ചേരിയിലെ ഏക സീറ്റിലേക്ക് പരിഗണിക്കുന്നുണ്ട്.
കോയമ്പത്തൂരിൽ മത്സരിച്ച സി.പി. രാധാകൃഷ്ണൻ ഇപ്പോൾ ഝാർഖണ്ഡ് ഗവർണറാണ്. രാമനാഥപുരത്ത് മത്സരിച്ച നൈനാർ നാഗേന്ദ്രൻ നിലവിൽ എം.എൽ.എ. യാണ്.
പൊൻരാധാകൃഷ്ണനും എച്ച്. രാജയുമായിരുന്നു മറ്റു രണ്ട് സ്ഥാനാർഥികൾ.
പൊൻരാധാകൃഷ്ണൻ മത്സരിച്ച കന്യാകുമാരിയിലെ സീറ്റ് കോൺഗ്രസിൽനിന്നെത്തിയ വിജയധാരണിക്ക് നൽകുമെന്നാണ് പറയപ്പെടുന്നത്.
തിരുനെൽവേലിയിൽ പൊൻരാധാകൃഷ്ണൻ മത്സരിക്കാൻ സാധ്യതയുണ്ട്.
കെ. അണ്ണാമലൈ അടക്കമുള്ള പ്രധാനികൾ സ്ഥാനാർഥികളാകുമെന്നാണ് കരുതപ്പെടുന്നത്.
നടി ഖുശ്ബുവും മത്സരിക്കാൻ സാധ്യതയുണ്ട്.