ചെന്നൈ : പ്രതിസന്ധികൾക്ക് മുന്നിൽ മുഖം തിരിക്കാതെ തളരാതെ വ്യജയിച്ച യുവാവാണ് ചെന്നൈ നീലാങ്കര സ്വദേശി സുരേഷ്.
ചെറിയ പ്രായത്തിൽ പോളിയോബാധിച്ച് ഒരു കാലിന്റെ സ്വാധീനം നഷ്ടമായതുമുതൽ തിരിച്ചടികളായിരുന്നു നേരിട്ടത്.
ഇവയെ പൊരുതിത്തോൽപ്പിച്ച സുരേഷിന്റെ ജീവിതത്തിലെ പുതിയ അധ്യായമാണ് വീൽച്ചെയറിൽ ഭക്ഷണം വിതരണം ചെയ്യുന്ന ജോലി.
വൈദ്യുത വീൽച്ചെയറിൽ ഇരുചക്രവാഹനത്തിന്റെ ഹാൻഡിൽ പിടിപ്പിച്ചാണ് സുരേഷ് ചെന്നൈ നഗരവാസികളുടെ വീട്ടുപടിക്കൽ ഭക്ഷണം എത്തിക്കുന്നത്.
നാല്പതുകാരനായ സുരേഷ് വീൽച്ചെയറിലിരുന്ന് പ്രിന്റിങ് പ്രസിലടക്കം പലജോലികളും ചെയ്തു. ശാരീരിക പരിമിതികണ്ട് ജോലി തന്നവർ ശമ്പളത്തിലും പിശുക്കുകാട്ടി.
മാസം 5000 രൂപയിൽക്കൂടുതൽ ആരും തന്നില്ല.
പ്രായമായ അമ്മയുടെ മരുന്നിനുപോലും പണം തികയാതെവന്നതോടെ വരുമാനം ഉയർത്താതെ മുന്നോട്ടുപോകാൻ സാധിക്കാതെ വന്നു.
ഈ സമയത്താണ് ഓൺലൈൻ ഭക്ഷണവിതരണ ഏജന്റാകാൻ തീരുമാനിച്ചത്. ഒരു സന്നദ്ധസംഘടനയാണ് സഹായത്തിനെത്തിയത്.
ഇവർ നൽകിയ വീൽച്ചെയറിൽ ഓൺലൈൻ ഭക്ഷണവിതരണത്തിന് സുരേഷ് ഇറങ്ങുകയായിരുന്നു.
ഒരിക്കൽ ചാർജ് ചെയ്താൽ വീൽച്ചെയറിൽ നാല്പത് കിലോമീറ്റർ വരെ സഞ്ചരിക്കാം.
വീൽച്ചെയറിലാണെങ്കിലും ഭക്ഷണം കൃത്യസമയത്ത് എത്തിക്കാൻ തനിക്ക് കഴിയുന്നുണ്ടെന്ന് സുരേഷ് പറഞ്ഞു.
ദിവസം 600 രൂപ വരുമാനംനേടാൻ സാധിക്കുന്നുണ്ട്.
ബഹുനില അപ്പാർട്ട്മെന്റുകളിലും ഭക്ഷണം എത്തിക്കുന്നുണ്ട്.
ലിഫ്റ്റില്ലാത്ത ഫ്ളാറ്റുകളിൽ ഊന്നുവടിയുപയോഗിച്ച് മുകൾനിലയിലെത്തും.
അതിനാൽത്തന്നെ ഉപയോക്താക്കൾ നല്ല റേറ്റിങ് നൽകുന്നുണ്ടെന്നും സുരേഷ് പറയുന്നു.
അവിവാഹിതനായ സുരേഷിനൊപ്പം അമ്മ മാത്രമാണുള്ളത്.