ചെന്നൈ : സനാതനധർമ വിവാദത്തിൽ മന്ത്രിമാരായ ഉദയനിധി സ്റ്റാലിനെയും ശേഖർ ബാബുവിനെയും എ. രാജ എം.പി.യെയും സ്ഥാനഭ്രഷ്ടരാക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി.
എന്നാൽ സനാതന ധർമത്തെപ്പറ്റി ഇവർ നടത്തിയ അഭിപ്രായപ്രകടനങ്ങൾ ഭരണഘടനാ പദവിയിലിരിക്കുന്നവർക്ക് യോജിച്ചതല്ലെന്നും ഒഴിവാക്കേണ്ടതായിരുന്നെന്നും ജസ്റ്റിസ് അനിത സുമന്തിന്റെ ബെഞ്ച് ബുധനാഴ്ച അഭിപ്രായപ്പെട്ടു.
സനാതനധർമത്തെ ഉൻമൂലനം ചെയ്യണമെന്നാവശ്യപ്പെടുന്ന ചടങ്ങിൽ പ്രസംഗിച്ച മന്ത്രി ഉദയനിധി സ്റ്റാലിനെയും ചടങ്ങിൽ സംബന്ധിച്ച പി.കെ. ശേഖർബാബുവിനെയും മന്ത്രിസഭയിൽനിന്ന് നീക്കണമെന്നും ഇതേ ആവശ്യം ഉന്നയിച്ച എ. രാജ എം.പി.യെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുമുന്നണി നേതാക്കളായ ടി. മനോഹർ, ജെ. കിഷോർകുമാർ, വി.പി. ജയകുമാർ എന്നിവരാണ് മദ്രാസ് ഹൈക്കോടതിയിൽ ക്വാ വാറന്റോ ഹർജികൾ നൽകിയത്.
ഈ സംഭവത്തിൽ ഇവർ കുറ്റക്കാരാണെന്ന് കോടതികളൊന്നും വിധിച്ചിട്ടില്ലെന്നും നിയമനടപടികൾ തുടരുന്നേയുള്ളൂ എന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
ഈ സാഹചര്യത്തിൽ ക്വാ വാറന്റോ റിട്ട് പുറപ്പെടുവിക്കാനാവില്ല.
സനാതനധർമത്തെ എയ്ഡ്സും മലമ്പനിയും പോലുള്ള പകർച്ച വ്യാധികളോട് ഉപമിച്ച മന്ത്രി ഉദയനിധിയുടെ പ്രസ്താവന വിലക്ഷണ സ്വഭാവമുള്ളതാണ്.
ദേവസ്വത്തിന്റെ ചുമതലയുള്ള മന്ത്രി ശേഖർ ബാബു ഈ ചടങ്ങിൽ പങ്കെടുത്തത് ശരിയായില്ല.
പ്രസംഗം നടത്തിയില്ലെങ്കിലും ചടങ്ങിൽ സംബന്ധിച്ചു എന്നതുകൊണ്ട് അവിടെ പറഞ്ഞ അഭിപ്രായങ്ങളോട് അദ്ദേഹം യോജിക്കുന്നു എന്നുവേണം കരുതാൻ.
മൂവർക്കും എതിരേ നൽകിയ ഹർജികൾ സാധുവാണ്.
എന്നാൽ, ഇപ്പോൾ അവർക്കെതിരേ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ല -കോടതി വ്യക്തമാക്കി.