ചെന്നൈ : വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിന് അനുഗ്രഹമായി മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം .
പരീക്ഷാക്കാലമായിട്ടും ഇവിടെ സന്ദർശകരുടെ തിരക്കേറിയിരിക്കുകയാണ്.
ചിത്രത്തിൽ കാണിക്കുന്ന ഗുണ ഗുഹയും പരിസരവും കാണാനാണ് വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്നത്.
കൊടൈക്കനാലിൽ വിനോദസഞ്ചാരികളായെത്തുന്ന ചെറുപ്പക്കാരുടെ സംഘത്തിലൊരാൾ ഗുണ ഗുഹയിൽ അകപ്പെടുന്നതും അവിടെനിന്ന് രക്ഷിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ.
മലയാളികളെക്കൂടാതെ തമിഴ് താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
കേരളത്തിലെന്നപോലെ തമിഴ്നാട്ടിലും വൻവരവേത്പ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
തമിഴ്നാട്ടിൽ 50 തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ 250-ലേറെ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
പല ഷോകളും ഹൗസ്ഫുള്ളാണ്. തമിഴ്നാട്ടിൽ ഏറ്റവുംകൂടുതൽ കളക്ഷൻ നേടിയ മലയാളചിത്രം എന്ന റെക്കോഡ് ഭേദിച്ചുവെന്നാണ് വിവരം.
ചിത്രം ജനകീയമായതോടെ ഗുണ ഗുഹ കാണാൻ തമിഴ്നാട്ടുകാരെക്കൂടാതെ കേരളത്തിൽനിന്നുള്ളവരും വൻതോതിൽ എത്തുകയാണ്.
വേനൽക്കാലത്ത് കൊടൈക്കനാലിൽ സ്കൂൾ പൊതുപരീക്ഷകൾ കഴിയുമ്പോഴാണ് സന്ദർശകർ കൂടുതലായി വരുന്നത്.
എന്നാൽ ഇപ്പോൾ പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ സഞ്ചാരികളുടെ എണ്ണം വർധിച്ചിരിക്കുകയാണ്