ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട് ഇത്തവണ കടുത്ത ത്രികോണ മത്സരത്തിനു വേദിയാകും.
ഡി.എം.കെ., അണ്ണാ ഡി.എം.കെ., ബി.ജെ.പി. എന്നീ കക്ഷികളുടെ നേതൃത്വത്തിൽ വീറുംവാശിയുമേറിയ പോരാട്ടമാവും നടക്കുക.
‘ഇന്ത്യ’ സഖ്യത്തിൽ ഡി.എം.കെ.യോടൊപ്പം കോൺഗ്രസ്, സി.പി.എം., സി.പി.ഐ., വി.സി.കെ., മുസ്ലിംലീഗ്, കമൽഹാസന്റെ മക്കൾ നീതി മയ്യം തുടങ്ങിയ പാർട്ടികളും ഏതാനും ചെറുകക്ഷികളുമുണ്ട്.
അണ്ണാ ഡി.എം.കെ.ക്ക് ഇനിയും സഖ്യബന്ധം അന്തിമമാക്കാനായിട്ടില്ല. പി.എം.കെ.യുമായും ഡി.എം.ഡി.കെ.യുമായും ചർച്ചകൾ തുടരുകയാണ്.
ഇരുകക്ഷികളും രാജ്യസഭാസീറ്റുകൾക്ക് വാശിപിടിക്കുന്നതാണ് അണ്ണാ ഡി.എം.കെ.യെ അലോസരപ്പെടുത്തുന്നത്.
നിലവിൽ അണ്ണാ ഡി.എം.കെ.ക്കൊപ്പം ഇപ്പോഴുള്ളത് ഏതാനും ചെറുകക്ഷികൾ മാത്രമാണ്. എൻ.ഡി.എ. സഖ്യത്തിൽ ബി.ജെ.പി.ക്കൊപ്പം ജി.കെ. വാസൻ നയിക്കുന്ന തമിഴ് മാനില കോൺഗ്രസും നടൻ ശരത്കുമാറിന്റെ സമത്വമക്കൾ കക്ഷിയുമാണുള്ളത്.
ടി.ടി.വി. ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കൾ മുന്നേറ്റ കഴകം ബി.ജെ.പി.ക്കു പിന്തുണ നൽകിയിട്ടുണ്ട്.
അണ്ണാ ഡി.എം.കെ. വിമതനേതാവ് ഒ. പനീർശെൽവം (ഒ.പി.എസ്.) സഖ്യത്തിലെത്താനാണ് സാധ്യത.
താമര ചിഹ്നത്തിൽ മത്സരിക്കാൻ ഒ.പി.എസ്. ഒരുക്കമല്ലെങ്കിലും സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ ബി.ജെ.പി. വിലക്കിയിട്ടില്ല.
ഒ.പി.എസും ദിനകരനുമുള്ള സ്ഥിതിക്ക് മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികലകൂടി എത്തുകയാണെങ്കിൽ എൻ.ഡി.എ.
സഖ്യത്തിന്റെ കരുത്തു വർധിക്കും. ജോൺ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള തമിഴക മക്കൾ മുന്നേറ്റ കഴകവും, ഇന്ത്യ ജനനായക കക്ഷിയുംകൂടി ബി.ജെ.പി.ക്കൊപ്പമുണ്ട്.
ഡി.എം.കെ., അണ്ണാ ഡി.എം.കെ., ബി.ജെ.പി. സഖ്യങ്ങൾ തമ്മിലുള്ള ത്രികോണ മത്സരത്തിൽ പ്രാഥമികപോരാട്ടം ഒരുവശത്ത് ഡി.എം.കെ.യും സഖ്യകക്ഷികളും മറുവശത്ത് ഇനിയും സഖ്യം കലങ്ങിത്തെളിയാത്ത അണ്ണാ ഡി.എം.കെ.യും തമ്മിലാണ്.
പി.എം.കെ.യും ഡി.എം.ഡി.കെ.യും അണ്ണാ ഡി.എം.കെ.യോടൊപ്പം നിന്നില്ലെങ്കിൽ ബി.ജെ.പി. സംസ്ഥാനത്തെ രണ്ടാമത്തെ ശക്തമായ മുന്നണിയാവും.
അതേസമയം പി.എം.കെ.യും ഡി.എം.ഡി.കെ.യും അണ്ണാ ഡി.എം.കെ.യോടൊപ്പമായാൽ ബി.ജെ.പി.ക്ക് കടുത്ത പരീക്ഷണം നേരിടേണ്ടിയുംവരും.
2019 ലോക്സഭ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യും ഒറ്റക്കെട്ടായിരുന്നു. 2023 സെപ്റ്റംബറിലാണ് എൻ.ഡി.എ.യിൽനിന്ന് അണ്ണാ ഡി.എം.കെ. പുറത്തായത്.
തുടർന്ന് ബി.ജെ.പി. അണ്ണാ ഡി.എം.കെ.യുമായി അടുക്കാൻ ഒട്ടേറെശ്രമം നടത്തിയെങ്കിലും പാർട്ടി ജനറൽസെക്രട്ടറി എടപ്പാടി പളനിസ്വാമി ശക്തമായി എതിർത്തു.
അതേസമയം അവസാനനിമിഷം ഏതെങ്കിലും ഒരുഘട്ടത്തിൽ ബി.ജെ.പി.യും അണ്ണാ ഡി.എം.കെ.യും ഒരുമിച്ചാൽ കഥയാകെ മാറിമറിയും.
അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യും രഹസ്യബന്ധത്തിലാണെന്ന് മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.