ചെന്നൈ : തമിഴ്നാട്ടിൽ നാല് കോർപ്പറേഷനുകൾ കൂടി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
തിരുവണ്ണാമലൈ, നാമക്കൽ, കാരൈക്കുടി, പുതുക്കോട്ട എന്നീ മുനിസിപ്പാലിറ്റികളാണ് കോർപ്പറേഷനുകളാക്കി മാറ്റുക.
ഇതോടെ സംസ്ഥാനത്തെ കോർപ്പറേഷനുകളുടെ എണ്ണം 25 ആയി ഉയരും.
പുതുക്കോട്ട മുനിസിപ്പാലിറ്റിയിൽ 11 ഗ്രാമപ്പഞ്ചായത്തുകൾകൂടി ഉൾപ്പെടുത്തിയാണ് കോർപ്പറേഷനാക്കി മാറ്റുക.
തിരുവണ്ണാമലൈ മുനിസിപ്പാലിറ്റിയിൽ 18 ഗ്രാമപ്പഞ്ചായത്തുകളും നാമക്കൽ മുനിസിപ്പാലിറ്റിയിൽ 12 പഞ്ചായത്തുകളും കാരൈക്കുടി മുനിസിപ്പാലിറ്റിയിൽ രണ്ട് ടൗൺ പഞ്ചായത്തുകൾ, അഞ്ച് പഞ്ചായത്തുകൾ എന്നിവയും ഉൾപ്പെടുത്തിയാണ് കോർപ്പറേഷനാക്കി മാറ്റുക.
കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുന്ന എല്ലാ പ്രദേശങ്ങളിലും ഗാർഹികമാലിന്യം ഒഴുകിപ്പോകാനുള്ള ഭൂഗർഭ പൈപ്പുകൾ, മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓടകൾ എന്നിവ നിർമിക്കും. പുതിയ റോഡുകൾ നിർമിക്കുകയും നിലവിലുള്ള റോഡുകളുടെ വീതികൂട്ടുകയും ചെയ്യും.
ഗവ. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കും. വികസനസൗകര്യം ഏർപ്പെടുത്തുന്നതിനായി പ്രത്യേകപദ്ധതി പ്രഖ്യാപിക്കും.
കോർപ്പറേഷനുകളാക്കി ഉയർത്തുമ്പോൾ കൂടുതൽ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും സ്ഥാപിക്കും.
അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നതോടെ ഈ പ്രദേശങ്ങളിലേക്ക് കൂടുതൽ വിനോദസഞ്ചാരികളും വരുമെന്നും മുഖ്യമന്ത്രി ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ താംബരം, കാഞ്ചീപുരം, കടലൂർ, കുംഭകോണം, കരൂർ, ശിവകാശി എന്നീ ആറ്് മുനിസിപ്പാലിറ്റികൾ കോർപ്പറേഷനുകളാക്കി മാറ്റിയിരുന്നു. 28 പഞ്ചായത്തുകൾ മുനിസിപ്പാലിറ്റികളാക്കി മാറ്റുകയും ചെയ്തു.