ചെന്നൈ : വിമതനേതാവ് ഒ. പനീർശെൽവം (ഒ.പി.എസ്.) പുതിയ അവകാശവാദവുമായെത്തിയതോടെ അണ്ണാ ഡി.എം.കെ.യിൽ വീണ്ടും ചിഹ്നത്തർക്കം.
പാർട്ടി കോ-ഓർഡിനേറ്ററെന്ന നിലയിൽ ചിഹ്നം അനുവദിക്കുന്നതിനുള്ള ഫോമിൽ ഒപ്പിടാനുള്ള അവകാശം തനിക്കാണെന്നുപറഞ്ഞ് ഒ.പി.എസ്. തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി.
തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിയതിനെതിരേയുള്ള കേസ് കോടതിയിലുള്ളതിനാൽ എടപ്പാടി പളനിസ്വാമിയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത് അംഗീകരിക്കാൻ പാടില്ലെന്നാണ് ഒ.പി.എസിന്റെ വാദം.
പിളർപ്പിനുശേഷംനടന്ന ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ പളനിസ്വാമി വിഭാഗം പാർട്ടിയുടെ രണ്ടിലചിഹ്നത്തിലാണ് മത്സരിച്ചത്. അന്ന് പനീർശെൽവം പക്ഷം മത്സരിച്ചില്ല.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം താത്കാലികമായിട്ടാണ് അന്ന് ചിഹ്നം അനുവദിച്ചതെന്നാണ് പനീർശെൽവം വാദിക്കുന്നത്. തന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ചിഹ്നം നൽകാൻ സാധിക്കില്ലെങ്കിൽ രണ്ടുകൂട്ടർക്കും വേറെ താത്കാലിക ചിഹ്നം അനുവദിക്കണമെന്നും കത്തിൽ ഒ.പി.എസ്. ആവശ്യപ്പെട്ടു.
ഒ.പി.എസിനെ പുറത്താക്കിയ പാർട്ടി നടപടി സുപ്രീംകോടതി ശരിവെച്ചെന്ന് ചൂണ്ടിക്കാട്ടുന്ന പളനിസ്വാമിപക്ഷം, രണ്ടില ചിഹ്നത്തിനുമേൽ വേറെ ആർക്കും അവകാശമില്ലെന്നും വ്യക്തമാക്കി.
അണ്ണാ ഡി.എം.കെ. ഔദ്യോഗിക വിഭാഗമായ തങ്ങൾക്ക് ചിഹ്നം നിഷേധിക്കാൻ ബി.ജെ.പി.യുടെ പിന്തുണയോടെയാണ് ഒ.പി.എസ്. നീക്കങ്ങൾ നടത്തുന്നതെന്നും അവർ ആരോപിച്ചു.