ചെന്നൈ: അവധിക്കാലത്തോടനുബന്ധിച്ച് ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് വൻ യാത്രത്തിരക്ക്. വേനലവധിക്കൊപ്പം ഈസ്റ്റർ, റംസാൻ, വിഷു ആഘോഷങ്ങളുമെത്തിയതിനാൽ എല്ലാ തീവണ്ടികളിലും തിരക്കേറി.
പതിവു വണ്ടികളിൽ റിസർവേഷൻ അവസാനിച്ചിട്ടും പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടില്ല.
സ്വകാര്യബസുകളിൽ കഴുത്തറപ്പൻനിരക്കാണ് ഇൗടാക്കുന്നത്. ഇതോടെ പലരും കാർപൂളിങ് യാത്രയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
ഇന്ധനച്ചെലവ് പങ്കിട്ടു കാറിൽ ഒന്നിച്ചു യാത്രചെയ്യുന്നതാണ് കാർപൂളിങ്.
ഐ.ടി. മേഖലയിൽ ജോലിചെയ്യുന്നവരടക്കം ചെറുപ്പക്കാരിൽ മിക്കവരും പ്രത്യേക സർവീസിന് കാത്തിരിക്കാതെ കാർപൂളിങ്ങിന് താത്പര്യമുള്ളവരെ അന്വേഷിക്കുകയാണ്.
ഇന്ധനച്ചെലവ് പങ്കിട്ടില്ലെങ്കിലും കുറച്ചുസമയം കാർ ഡ്രൈവ് ചെയ്താൽ മതിയെന്ന ഓഫർ മുന്നോട്ടുവെക്കുന്നവരുമുണ്ട്.
ഈസ്റ്ററിനോടനുബന്ധിച്ച ദിവസങ്ങളിൽ ചെന്നൈയിൽനിന്ന് കൊച്ചിയിലേക്ക് സ്വകാര്യബസുകളിൽ 3500 രൂപവരെ ഈടാക്കുന്നുണ്ട്.
അതേസമയം വിമാനത്തിൽ 4500-5000 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും.
ഈ മാസം അവസാനം ഈസ്റ്ററിനോട് അനുബന്ധിച്ചും അടുത്തമാസം രണ്ടാംവാരം റംസാൻ, വിഷുവിനോട് ചേർന്നുമുള്ള തീയതികളിലാണ് തിരക്ക് രൂക്ഷം.
മേയിലാണ് മധ്യവേനൽ അവധിയോടനുബന്ധിച്ച തിരക്ക്.
മലബാറിലേക്കുള്ള ചെന്നൈ സെൻട്രൽ-മംഗളൂരു മെയിൽ, ചെന്നൈ സെൻട്രൽ-മംഗളൂരു എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, എഗ്മോർ-മംഗളൂരു എക്സ്പ്രസ് എന്നിവയിൽ റംസാൻ, വിഷു ആഘോഷങ്ങളോടനുബന്ധിച്ചാണ് തിരക്ക്.
സ്ലീപ്പർക്ലാസുകളിലെ റിസർവേഷൻനില വെയ്റ്റിങ് ലിസ്റ്റ് 125-നും 160-നും ഇടയിലാണ്. തേഡ് എ.സി., സെക്കൻഡ് എ.സി. കോച്ചുകളിലും ബർത്തുകൾ ഒഴിവില്ല.
തിരുവനന്തപുരം ഭാഗത്തേക്കുള്ള ചെന്നൈ സെൻട്രൽ-തിരുവനന്തപുരം മെയിൽ, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-ആലപ്പി എക്സ്പ്രസ്, എഗ്മോർ-കൊല്ലം അനന്തപുരി എക്സ്പ്രസ്, എഗ്മോർ-കൊല്ലം എക്സ്പ്രസ് വണ്ടികളിൽ ഈസ്റ്ററിനോട് അടുത്ത ദിവസങ്ങളിലും മേയിലും ടിക്കറ്റില്ല.
മുൻകാലങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിലേക്ക് പ്രത്യേക വണ്ടികൾ അനുവദിച്ചിരുന്നു.