മൂന്നാർ : തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികൾ യാത്രചെയ്തിരുന്ന മിനിബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു.
യുവാവും ഒരുവയസ്സുള്ള മകനും ഉൾപ്പെടെ നാലുപേർ മരിച്ചു. തേനി വി.വി.ജി. ട്രേഡേഴ്സ് ഉടമ അബിനേഷ് മൂർത്തി (30), മകൻ തന്വിക് വെങ്കട്ട് (ഒന്ന്), തേനി സ്വദേശി ഗുണശേഖരൻ (70), ഈറോഡ് വിശാഖ മെറ്റൽസ് ഉടമ പി.കെ.സേതു (34) എന്നിവരാണ് മരിച്ചത്.
മൂന്ന് കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. 15 പേരാണ് മിനിബസിൽ ഉണ്ടായിരുന്നത്. നൂറടി താഴ്ചയിലുള്ള പാറക്കെട്ടിലും മരത്തിലുമായി തങ്ങിനിന്നതിനാൽ വാഹനം കൂടുതൽ താഴേക്കുപോയില്ല.
മാങ്കുളം-ആനക്കുളം റോഡിൽ പേമരം വളവിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം.
ആനന്ദ് കുക്കിങ് റേഞ്ചേഴ്സ്, അവരുടെ ഡീലർമാർക്കും കുടുംബാംഗങ്ങൾക്കുമായി നടത്തിയ വിനോദയാത്രയുടെ ഭാഗമായാണ് മാർച്ച് 16-ന് ഇവർ മൂന്നാറിലെത്തിയത്.
മൂന്നാർ ലക്ഷ്മിക്ക് സമീപമുള്ള റിസോർട്ടിലാണ് താമസിച്ചത്. അവിടെനിന്ന് മാങ്കുളത്തേക്ക് മിനിബസിലും കാറിലുമായാണ് ഇവർ വന്നത്.
ആനക്കുളത്തേക്ക് പോകുംവഴി പേമരം വളവ് ഇറങ്ങിവരുന്നതിനിടെ മിനിബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡിന്റെ വശത്തുള്ള ക്രാഷ് ബാരിയർ ഇടിച്ച് തകർത്ത് നൂറടി താഴ്ചയിലേക്ക് വാഹനം പതിച്ചു.