മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
ഇഡി ഉദ്യോഗസ്ഥരുടെ സംഘം വ്യാഴാഴ്ച വൈകുന്നേരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ വസതിയിലെത്തി പരിശോധന നടത്തിയിരുന്നു.
കെജ്രിവാളിന് ഡൽഹി ഹൈക്കോടതി ഇടക്കാലാശ്വാസം നിഷേധിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവവികാസം.
ആം ആദ്മി പാർട്ടി നേതാക്കളെ അടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെജ്രിവാളിന്റെ വസതിയ്ക്ക് മുന്നിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതിനിടെ ഡൽഹിയിലെ ഇഡി ആസ്ഥാനത്തിന് പുറത്ത് സെക്ഷൻ 144 ഏർപ്പെടുത്തി. മദ്യനയവുമായി ബന്ധപ്പെട്ട എല്ലാ അഴിമതികളും അരവിന്ദ് കെജ്രിവാളിൻ്റെ സമ്മതത്തോടെയാണ് നടന്നതെന്ന് ബിജെപി ആരോപിച്ചു.
കേസിൽ എഎപി ദേശീയ കൺവീനറെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 50 പ്രകാരമാണ് കെജ്രിവാളിൻ്റെ മൊഴി രേഖപ്പെടുത്തുന്നത്.
കെജ്രിവാളിന് അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം നൽകാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇഡി ഉദ്യോഗസ്ഥർ വസതിയിലെത്തിയത്.