ചെന്നൈ: പൊൻമുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴ്നാട് ഗവർണർ ആർഎൻ രവി അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പങ്കെടുത്തു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 നാണ് ഗവർണർ ആർഎൻ രവി സത്യവാചകം ചൊല്ലിക്കൊടുത്ത് പൊൻമുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചെന്നൈയിലെ ഗിണ്ടിയിലുള്ള ഗവർണർ ഹൗസിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. പൊൻമുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കാര്യം തീരുമാനിക്കാൻ ഗവർണർക്ക് 24 മണിക്കൂർ സമയം നൽകിയിരുന്നു .
തമിഴ്നാട് മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ എം.സുബ്രഹ്മണ്യൻ, ശേഖർബാബു, ഉദയനിധി സ്റ്റാലിൻ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങിൽ മന്ത്രിയായി വീണ്ടും അധികാരമേറ്റ പൊൻമുടിയെ ഗവർണർ പൂച്ചെണ്ട് നൽകി ആദരിച്ചു.
തമിഴ്നാട് സർക്കാർ വീണ്ടും ഉന്നത വിദ്യാഭ്യാസ വകുപ്പ് പൊൻമുടിക്ക് അനുവദിച്ചു. ഇതു സംബന്ധിച്ച് ഗവർണർ ഹൗസിൻ്റെ ഔദ്യോഗിക അറിയിപ്പും പുറത്തുവന്നിട്ടുണ്ട്.