ചെന്നൈ : കേന്ദ്രത്തിൽ ബി.ജെ.പി. അധികാരത്തിൽ തിരിച്ചുവന്നാൽ സംസ്ഥാനങ്ങൾപോലും ഇല്ലാത്ത അവസ്ഥവരുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
ജമ്മു-കശ്മീർ സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ടതെങ്ങനെയെന്ന് കൺമുന്നിൽ കണ്ടു.
ജനങ്ങളുടെ അംഗീകാരമില്ലാതെ അത് കേന്ദ്രഭരണ പ്രദേശമാക്കിയെന്നും അദ്ദേഹം പറഞ്ഞു. തഞ്ചാവൂരിൽ തിരഞ്ഞെടുപ്പുറാലിയിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.
കശ്മീരിൽ രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കി. ഇപ്പോൾ നിയമസഭയില്ല. അഞ്ചുവർഷമായി തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇത് ബി.ജെ.പി.യുടെ ഏകാധിപത്യമാണ്.
അവർ അധികാരത്തിൽ വന്നാൽ നാളെ എല്ലാ സംസ്ഥാനങ്ങൾക്കും ഇതേഗതി വരും.
ബി.ജെ.പി. അധികാരത്തിലെത്തിയാൽ ഫെഡറലിസമോ ജനാധിപത്യ മാനദണ്ഡങ്ങളോ പാർലമെന്ററി പ്രക്രിയകളോ ഉണ്ടായെന്നുവരില്ല.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രതിപക്ഷനേതാക്കളെ ബി.ജെ.പി. ലക്ഷ്യമിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് അടുക്കുന്തോറും ഒട്ടേറെ പ്രതിപക്ഷനേതാക്കളെ അറസ്റ്റുചെയ്യുന്നുണ്ട്.
പ്രതിപക്ഷത്തെ അടിച്ചമർത്താൻ മാത്രമല്ല, രാജ്യത്തെ നശിപ്പിക്കാനും പ്രധാനമന്ത്രി തനിക്കുള്ള അധികാരം ദുരുപയോഗം ചെയ്യുകയാണ്.
ഇന്ത്യയിൽ ജനാധിപത്യം തുടരണോ വേണ്ടയോ എന്ന് ലോക്സഭാതിരഞ്ഞെടുപ്പ് തീരുമാനിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.