കൊല്ക്കത്ത: ബംഗാളിലെ വാട്ഗുംഗേയില് സിഐഎസ്എഫ് ക്വാര്ട്ടേഴ്സിന് സമീപത്ത് പ്ലാസ്റ്റിക് കവറിനുള്ളില് മനുഷ്യ ശരീരാവശിഷ്ടങ്ങള് കണ്ടെത്തി.
മൂന്ന് പ്ലാസ്റ്റിക് കവറാണ് ഉണ്ടായിരുന്നത്. ഇതില് പല ഭാഗങ്ങളും കാണാനില്ല.
ഇവിടെ നിന്നും ദുര്ഗന്ധം വമിച്ചതിനെത്തുടര്ന്ന് ചില താമസക്കാര് പൊലീസില് നല്കിയ പരാതിയെത്തുടര്ന്നാണ് പ്ലാസ്റ്റിക് കവറിനുള്ളില് ശരീരാവശിഷ്ടങ്ങള് കണ്ടെത്തിയത്.
30-35 വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയുടേതാണ് മൃതദേഹാവശിഷ്ടങ്ങളെന്ന് പൊലീസ് പറയുന്നു.
ഇവരുടെ നെറ്റിയില് സിന്ദൂരം ഉണ്ടായിരുന്നതിനാല് വിവാഹിതയാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.
മൃതദേഹത്തിനോടൊപ്പം കവറിനുള്ളില് ഇഷ്ടികയും ഉണ്ടായിരുന്നു. നദിയിലോ കനാലിലോ മറ്റോ എറിയാന് വേണ്ടിയാവും ഇഷ്ടിക സൂക്ഷിച്ചതെന്നാണ് കരുതുന്നത്.
കൈകള്, കാലുകള്, വയറിന്റെ ഭാഗം എന്നിവ കാണാനില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഓടുന്ന വാഹനത്തില് നിന്ന് ആരോ തിടുക്കത്തില് പ്ലാസ്റ്റിക് കവറുകള് വലിച്ചെറിഞ്ഞതാവാനും സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം.
ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കൊലപ്പെടുത്തുകയും തുടര്ന്ന് ശരീരഭാഗങ്ങള് മുറിച്ച് റോഡിലുപേക്ഷിച്ചതാണോ എന്നൊന്നും വ്യക്തമായിട്ടില്ല.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള് പരിശോധിക്കുകയാണ്. സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാവാം കുറ്റകൃത്യം ചെയ്തിരിക്കുന്നത്.
ഈ ഭാഗത്ത് അധികം ആളുകള് സഞ്ചരിക്കാത്തയിടമാണ്.