ചെന്നൈ : തമിഴ്നാട്ടിൽ ഒന്നരപ്പതിറ്റാണ്ടിനിടെ 1817 പേരിൽനിന്നായി 11,002 അവയവങ്ങൾ ദാനംചെയ്തതായി ആരോഗ്യമന്ത്രാലയം. വൃക്കയും കരളുമാണ് കൂടുതലായി ദാനംചെയ്തത്.
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങളാണ് ഇതിൽ കൂടുതലും. രാജ്യത്ത് കൂടുതൽ അവയവദാനം നടന്നതും തമിഴ്നാട്ടിലാണ്.
കഴിഞ്ഞ വർഷംമാത്രം 935 അവയവങ്ങൾ ദാനംചെയ്തു.
ചികിത്സയിൽ കഴിയുന്നവർ അവയവങ്ങൾക്കായി ആരോഗ്യവകുപ്പിൽ പേര് രജിസ്റ്റർചെയ്യാറുണ്ട്.
മസ്തിഷ്കമരണം സംഭവിക്കുന്ന ഒരാളിൽനിന്ന് ഏഴുപേർക്ക് അവയവങ്ങൾ നൽകാനാകുമെന്ന് അധികൃതർ പറഞ്ഞു.
3285 വൃക്ക, 2000-ത്തിലധികം കൺമിഴിയെയും അകത്തെ കൺപോളയെയും യോജിപ്പിക്കുന്ന ചർമപാളികൾ, 1686 കരൾ, 1025 ഹൃദയവാൾവ്, 846 ശ്വാസകോശം തുടങ്ങിയവ ദാനംചെയ്തവയിൽ ഉൾപ്പെടും.
സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്കാണ് അവയവദാനത്തിൽ മുൻഗണന.
അതിനുശേഷംമാത്രമേ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ പരിഗണിക്കാറുള്ളൂവെന്ന് അധികൃതർ പറഞ്ഞു.