ചെന്നൈ : മോദിയുടെ ഗാരന്റി എന്ന ബി.ജെ.പി.യുടെ പ്രചാരണ മുദ്രാവാക്യത്തെ പരിഹസിച്ച് തമിഴ് ടി.വി. ചാനലുകളിൽ പരസ്യവുമായി ഡി.എം.കെ.
കഴിഞ്ഞ പത്തുവർഷമായി ബി.ജെ.പി. സർക്കാർ നാടിന്റെ വികസനത്തിനായി ഒന്നും ചെയ്തില്ലെന്നാണ് പരസ്യത്തിലൂടെ സ്ഥാപിക്കുന്നത്.
2014 മുതൽ ഓരോ തിരഞ്ഞെടുപ്പിലും വാഗ്ദാനം നൽകുന്നെങ്കിലും ഒന്നും നടപ്പാക്കുന്നില്ലെന്ന് ആരോപിക്കുന്നു.
വികസനമെന്നും ഗാരന്റി എന്നും വിളിച്ചുപറഞ്ഞു പ്രധാനമന്ത്രി മോദിയെപ്പോലെ വേഷംധരിച്ചയാളും അനുയായികളും പോകുന്നത് കാണാം.
ഇതിന്റെ പശ്ചാത്തലമായി ദൃശ്യത്തിൽ കാണിക്കുന്നത് ആളുകൾ വഴിയരികിൽ വിഷണ്ണരായി കാത്തിരിക്കുന്നതാണ്.
പരസ്യത്തിന്റെ അവസാനഭാഗത്ത് രാജ്യത്തെ രക്ഷിക്കാൻ പിന്തുണയ്ക്കണമെന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആഹ്വാനവും ഉൾപ്പെടുത്തിയിരിക്കുന്നു.
പാചകവാതകം വാങ്ങാനുള്ള പണത്തിനായി ആളുകൾ വായ്പയെടുക്കേണ്ടിവരുന്നുവെന്ന് പരിഹസിക്കുന്ന പരസ്യവും ചാനലുകളിൽ നിറയുന്നു.
ഗാരന്റി വാറന്റി തട്ടിപ്പുകളിൽ വീഴരുതെന്നും പരസ്യങ്ങളിൽ മുന്നറിയിപ്പ് നൽകുന്നു.