ചെന്നൈ : അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല പ്രതിഷ്ഠയ്ക്ക് സമീപം സ്വർണലിപികളിൽ എഴുതിയ രാമചരിതവും ഇടംനേടും.
സ്വർണം പൊതിഞ്ഞ ലോഹപാളികളിൽ കൊത്തിയ രാമചരിതം രാമനവമി ദിനത്തിൽ ക്ഷേത്രത്തിൽ സമർപ്പിക്കും.
പാർലമെന്റിൽ സ്ഥാപിച്ച ചെങ്കോലിന്റെ രൂപകല്പനയിലൂടെ ചരിത്രം കുറിച്ച ചെന്നൈയിലെ വുമ്മിടി ബങ്കാരു ജൂവലറിയാണ് സ്വർണശോഭയുള്ള രാമചരിതം തയ്യാറാക്കിയത്.
തുളസീദാസ് രചിച്ച രാമചരിതമാണ് ലോഹപാളിയിലേക്ക് പകർത്തിയിരിക്കുന്നത്.
പുസ്തകത്തിന്റെ പേജ് മാതൃകയിൽ ആകെ 522 ലോഹപാളികളിലായിട്ടാണ് രാമചരിതം കൊത്തിയിരിക്കുന്നത്.
ഒരു മില്ലീമീറ്റർ വീതം കനത്തിലുള്ള പാളികളാണ് ഒരോന്നും. ഇതിനായി 147 കിലോ ലോഹം വേണ്ടിവന്നു. 700 ഗ്രാം സ്വർണമാണ് പാളികൾക്കായി ഉപയോഗിച്ചത്.
അൾട്രാ വയലറ്റ് പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പാളികളിൽ അക്ഷരങ്ങൾ കൊത്തിയിരിക്കുന്നത്. ഇതിനായി എട്ടുമാസത്തോളം വേണ്ടിവന്നു.
അയോധ്യ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ രാമനവമി ദിനമായ ഏപ്രിൽ 17-നാണ് സമർപ്പിക്കുന്നത്. പ്രതിഷ്ഠയ്ക്കുസമീപം സ്ഥാപിക്കാൻ പ്രത്യേക സ്റ്റാൻഡും തയ്യാറാക്കിയിട്ടുണ്ട്.
രാമനോടുള്ള ഭക്തിയുടെയും ആദരത്തിന്റെയും ഭാഗമായിട്ടാണ് രാമചരിതം തയ്യാറാക്കിയതെന്ന് വുമ്മിടി ബങ്കാരു ജൂവലറി മാനേജിങ് പാർട്ണർ അമരേന്ദ്രൻ പറഞ്ഞു.