ചെന്നൈ : വിവിധ റൂട്ടുകളിലെ പാതയിരട്ടിപ്പ് പൂർത്തിയായതിനാൽ പത്ത് പുതിയവണ്ടികൾ ഓടിക്കാൻ അനുമതിയാവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ അധികൃതർ റെയിൽവേ മന്ത്രാലയത്തിന് ശുപാർശ നൽകി. പല മാസങ്ങളിലായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ തിരക്കേറിയ റൂട്ടുകൾ, ട്രാക്ക് ലഭ്യത, വേഗമേറിയ റൂട്ടുകൾ, റെയിൽവേ യാർഡ്, വരുമാനം തുടങ്ങിയവ പരിഗണിച്ചാണ് പുതിയ പത്തുവണ്ടികൾക്കായി റെയിൽവേ ബോർഡിന് ശുപാർശ നൽകിയത്.
താംബരം-രാമേശ്വരം എക്സ്പ്രസ്, കോയമ്പത്തൂർ- താംബരം പ്രതിവാര എക്സ്പ്രസ്, താംബരം-ധനപൂർ എക്സ്പ്രസ്, താംബരം -സാന്ദ്രഗച്ചി പ്രതിവാര എക്സ്പ്രസ്, തിരുനെൽവേലി-ജോധ്പൂർ പ്രതിവാര എക്സ്പ്രസ്, കൊച്ചുവേളി-ഗുവാഹാട്ടി പ്രതിവാര എക്സ്പ്രസ്, കൊച്ചുവേളി -ബെംഗളൂരു എക്സ്പ്രസ് (ആഴ്ചയിൽ മൂന്ന് ദിവസം) എന്നിവ ഉൾപ്പെടെ പത്ത് തീവണ്ടികൾക്കാണ് ശുപാർശ.
തമിഴ്നാട്ടിൽ ഇരട്ടിപ്പ് പൂർത്തിയായ പാതകളിലൂടെ ശരാശരി മണിക്കൂറിൽ 110- 130 കിലോമീറ്റർ വേഗത്തിൽ വണ്ടികൾ ഓടിക്കാൻ കഴിയും.
അതുപോലെ ചെന്നൈയ്ക്ക് സമീപം താംബരത്ത് രണ്ടാം റെയിൽവേ യാർഡിന്റെ പണി പൂർത്തിയായതിനാൽ കൂടുതൽ തീവണ്ടികൾക്ക് ഇവിടെനിന്ന് സർവീസ് നടത്താനാകും.
എഗ്മോറിൽ നിന്ന് ചെന്നൈ ബീച്ചിലേക്കുള്ള നാലാം പാതയുടെ അവസാനഘട്ട ജോലി രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും.
ഇതോടെ താംബരത്തുനിന്ന് കൂടുതൽ എക്സ്പ്രസ് തീവണ്ടികൾ സർവീസ് നടത്താൻ സഹായകരമാകും.