ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള ഇന്ത്യസഖ്യം തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 40-ൽ 30-ലധികം സീറ്റുകൾ നേടുമെന്ന് തന്തി ടി.വി.യുടെ പ്രീ-പോൾ സർവേ. ബി.ജെ.പി.ക്ക് ഒരു സീറ്റിൽ മാത്രമായിരിക്കും ചിലപ്പോൾ ജയം.
വെല്ലൂരിൽ എൻ.ഡി.എ. സ്ഥാനാർഥി എ.സി. ഷൺമുഖവും ഡി.എം.കെ. സിറ്റിങ് എം.പി. കതിർ ആനന്ദും തമ്മിൽ കടുത്തമത്സരമുണ്ടാകും.
പെരമ്പല്ലൂരിൽ ഡി.എംകെ.യുടെ മുതിർന്ന നേതാവ് കെ.എൻ. നെഹ്രുവിന്റെ മകൻ അരുൺ നെഹ്രു സിറ്റിങ് എം.പി.യായ എൻ.ഡി.എ.യുടെ ടി.ആർ. പാരിവേന്ദറിനേക്കാൾ നേരിയതോതിൽ മാത്രമാണ് മുന്നിലുള്ളത്.
ബി.ജെ.പി. നേതാവ് നൈനാർ നാഗേന്ദ്രൻ കോൺഗ്രസുമായി ഏറ്റുമുട്ടുന്ന തിരുനെൽവേലിയിലും കടുത്തമത്സരമുണ്ടാകും. ഡി.എം.കെ.ക്കും അണ്ണാ ഡി.എം.കെ.ക്കും പിന്നിലായിരിക്കും ബി.ജെ.പി.യുടെ സ്ഥാനം.
സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ കോയമ്പത്തൂരിൽ മൂന്നാംസ്ഥാനത്താവും എത്തുകയെന്നും സർവേ പറയുന്നു.
രാമനാഥപുരത്ത് മുസ്ലിം ലീഗ് സ്ഥാനാർഥി നവാസ് കനി സ്വതന്ത്രനായി മത്സരിക്കുന്ന മുൻമുഖ്യമന്ത്രി ഒ. പനീർശെൽവത്തേക്കാൾ മുന്നിലെത്തും.
മുൻ എം.എൽ.എ. കുമാരഗുരു മത്സരിക്കുന്ന കള്ളക്കുറിച്ചിയിൽ അണ്ണാ ഡി.എം.കെ. നേരിയതോതിൽ മുന്നിൽനിൽക്കുന്നുണ്ട്.
ചിദംബരത്തും വിഴുപുരത്തും വി.സി.കെ. നേതാക്കളായ തിരുമാവളവനും രവികുമാറുമാണ് മുന്നിലെത്തുകയെന്നും സർവേ വ്യക്തമാക്കുന്നു.