ചെന്നൈ : ഉന്നതർക്ക് വഴങ്ങാൻ വിദ്യാർഥിനികളെ പ്രേരിപ്പിച്ചെന്നകേസിൽ ശ്രീവില്ലിപൂത്തൂരിനടുത്ത അറുപ്പുക്കോട്ടയിലെ സ്വകാര്യകോളേജിലെ പ്രൊഫ. നിർമല ദേവി കുറ്റക്കാരിയാണെന്ന് ശ്രീവില്ലിപൂത്തൂർ അതിവേഗകോടതി വിധിച്ചു.
കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന മധുരകാമരാജ് കോളേജിലെ അസി. പ്രൊഫ. മുരുഗനെയും ഗവേഷണവിദ്യാർഥി കറുപ്പ്സ്വാമിയെയും കോടതി വെറുതെവിട്ടു.
സ്ത്രീകൾക്കെതിരായ ക്രൂരതയും വ്യഭിചാര ക്കുറ്റവുമാണ് പ്രൊഫ. നിർമലാദേവിക്കെതിരേ ചുമത്തിയിരിക്കുന്നത്. 2018-ലാണ് സംഭവം നടന്നത്. കേസിൽ പ്രതിചേർക്കപ്പെട്ടതിനെ ത്തുടർന്ന് നിർമല ദേവിയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. അന്വേഷണത്തിന് നേതൃത്വംനൽകിയ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് രാജേശ്വരിയുടെ നേതൃത്വത്തിൽ 1160 പേജ് അടങ്ങിയകുറ്റപത്രം അതിവേഗകോടതിയിൽ സമർപ്പിച്ചിരുന്നു.
കുറ്റപത്രം നൽകിയതിനാൽ ഉടൻ ശിക്ഷ വിധിക്കണമെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം ശിക്ഷ വിധിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റണമെന്ന നിർമല ദേവിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു.
2018-ലാണ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ തമിഴ്നാട് ഗവർണറായിരുന്ന ബൻവരിലാൽ പുരോഹിതിനെതിരേയും ആരോപണങ്ങൾ ഉയർന്നിരുന്നു.