ചെന്നൈ : കോയമ്പത്തൂർ കാരമട ചെന്നിവീരംപാളയത്ത് ചിപ് നിർമാണ കമ്പനിയിൽനിന്നും അമോണിയംവാതകം ചോർന്നതിനെത്തുടർന്ന് സമീപത്തെ 250 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. നാലുവർഷമായി പൂട്ടിക്കിടക്കുന്ന കമ്പനി അടുത്തിടെ അനിവാശിസ്വദേശി ആഷിക് മുഹമ്മദ് വാങ്ങിയിരുന്നു. ഇവിടെ നവീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്.
കമ്പനിക്കകത്തെ കോൾഡ് സ്റ്റോറേജിൽനിന്നാണ് അമോണിയവാതകം ചോർന്നതെന്ന് ജില്ലാ പോലീസ് അധികൃതർ അറിയിച്ചു. കമ്പനിക്ക് ചുറ്റുമുള്ള 800 മീറ്റർ പരിധിയിൽ വാതകം പടർന്നു.
പോലീസും അഗ്നിശമനവിഭാഗവും എത്തി രക്ഷാപ്രവർത്തനം നടത്തി. അമോണിയംടാങ്കിന്റെ വാൾവ് അടച്ചതോടെയാണ് അപകടം ഒഴിവായതെന്ന് ജില്ലാ പോലീസ് മേധാവി വി. ഭദ്രിനാരായണൻ പറഞ്ഞു.
സമീപവാസികളിൽ ചിലർക്ക് ശ്വാസംമുട്ടലും മറ്റും അനുഭവപ്പെട്ടിരുന്നു. പ്രദേശത്തേക്കുള്ള വാഹനഗതാഗതവും വഴിതിരിച്ചുവിട്ടു.
അഞ്ച് 108 ആംബുലുൻസുകളും മെഡിക്കൽസംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.