ചെന്നൈ : ബന്ധുവായ യുവാവുമായുള്ള പ്രണയത്തിത്തിൽനിന്ന് പിന്മാറാത്തതിന്റെ പേരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു.
തിരുനെൽവേലി ജില്ലയിലെ കോകന്താൻപാറയിലുള്ള മാരിയപ്പനാണ് (55) മകൾ മുത്തുപ്പേച്ചിയെ (35) കൊലപ്പെടുത്തിയത്.
ഭർത്താവുമായി പിണങ്ങിയതിനെത്തുടർന്ന് മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന മുത്തുപ്പേച്ചി ബന്ധുവായ യുവാവുമായി പ്രണയത്തിലായി.
മാരിയപ്പൻ പലതവണ ആവശ്യപ്പെട്ടിട്ടും മകൾ ഈ ബന്ധത്തിൽനിന്ന് പിൻമാറിയില്ല. തുടർന്നാണ് കൊലപാതം ആസൂത്രണം ചെയ്തത്.
ബന്ധുവീട്ടിലേക്കെന്നുപറഞ്ഞ് കഴിഞ്ഞ ദിവസം മുത്തുപ്പേച്ചിയെ മാരിയപ്പൻ ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
വിജനമായ പ്രദേശത്തെത്തിയപ്പോൾ ബൈക്ക് നിർത്തി അരിവാളുകൊണ്ട് വെട്ടി. സമീപമുള്ള കുറ്റിക്കാട്ടിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച മുത്തുപ്പേച്ചിയെ പിന്തുടർന്നുചെന്ന് വെട്ടി വീഴ്ത്തി.
മുത്തുപ്പേച്ചിയുടെ നിലവിളി കേട്ട് ആളുകൾ എത്തിയപ്പോഴേക്കും മാരിയപ്പൻ കടന്നുകളഞ്ഞു. സംഭവസ്ഥലത്തുതന്നെ മുത്തുപ്പേച്ചി മരിച്ചു. പിന്നീട്, പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാരിയപ്പൻ അറസ്റ്റിലായത്.
12 വർഷം മുമ്പായിരുന്നു പാളംകോട്ട സ്വദേശിയായ കൊമ്പയ്യുമായി മുത്തുപ്പേച്ചിയുടെ വിവാഹം. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്.
ഒരു വർഷം മുമ്പാണ് ഭർത്താവുമായി പിരിഞ്ഞ് മക്കൾക്കൊപ്പം സ്വന്തം വീട്ടിൽ താമസമാക്കിയത്.