ചെന്നൈ : അഞ്ചുദിവസമായി പൈപ്പ് വഴിയോ ടാങ്കർലോറി വഴിയോ കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമായി എർണാവൂരിലെ ജനങ്ങൾ റോഡ് ഉപരോധിച്ചു.
ജലവിതരണഅതോറിറ്റിയിൽ പരാതി നൽകിയിട്ടും ഫലം കാണാത്തതിനെത്തുടർന്നാണ് റോഡ് ഉപരോധിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞവർഷമാണ് വീടുകളിലേക്ക് പൈപ്പ് വഴി കുടിവെള്ളം വിതരണംചെയ്യാൻ തുടങ്ങിയത്.
കുടിവെള്ളം ഉടൻ നൽകുമെന്ന വാഗ്ദാനത്തിന്റെ പേരിൽ 13 വർഷമായി വെള്ളക്കരവും നൽകുന്നുണ്ട്.
ഹാൻഡ്പമ്പ് വഴിയുള്ള കുടിവെള്ളവിതരണവും നിർത്തിയെന്ന് ഉപരോധത്തിൽ പങ്കെടുത്തവർ പറഞ്ഞു. കുടിക്കാനും പാചകാവശ്യങ്ങൾക്കുമാണ് പ്രധാനമായും പൈപ്പ് വഴി വിതരണം ചെയ്യുന്ന വെള്ളം ഉപയോഗിക്കുന്നത്.
ദിവസവും 100 രൂപമുതൽ 200 രൂപവരെ കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കുമായി ഒരോ വീട്ടുകാരും ചെലവിടുന്നുണ്ട്.
ആയിരത്തിലേറെ കുടുംബങ്ങൾ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്. മൂന്നുമാസംമുമ്പ് ഏതാനുംദിവസം മാലിന്യം കലർന്ന വെള്ളമാണ് വിതരണംചെയ്തിരുന്നത്.
പ്രതിഷേധിച്ചതിനെത്തുടർന്നാണ് ശുദ്ധജലവിതരണം തുടങ്ങിയത്. ജലവിതരണ അതോറിറ്റിയുടെ ഈ മേഖലയുടെ ചുമതലയുള്ള എൻജിനിയർക്ക് പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു.