ചെന്നൈ : ശൗചാലയത്തിൽ പ്രസവിക്കുന്നതിനിടെ കുഞ്ഞുമരിച്ച സംഭവത്തിൽ യുവതിയുടെ പേരിൽ കേസെടുത്തു.
കന്യാകുമാരി സ്വദേശിയും നഴ്സുമായ 24-കാരിയുടെ പേരിലാണ് കേസെടുത്തത്. ചെന്നൈ ടി.നഗർ സൗത്ത് ബോഗ് റോഡിലെ ഹോസ്റ്റലിലെ ശൗചാലയത്തിലാണ് യുവതി പ്രസവിച്ചത്.
ഇതിനിടെ വേദന സഹിക്കാനാകാതെ കത്തികൊണ്ട് നവജാതശിശുവിന്റെ കാൽ മുറിച്ചുമാറ്റിയെന്നും പോലീസ് പറഞ്ഞു.
അമിതരക്തസ്രാവത്താൽ ഇവർ ഉറക്കെ കരഞ്ഞതിനെത്തുടർന്ന് ഹോസ്റ്റലിലെ താമസക്കാർ ശൗചാലയം തുറന്നുനോക്കിയപ്പോൾ യുവതിയെ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
നവജാതശിശുവിന്റെ ശരീരം ബക്കറ്റിലും മുറിച്ചുമാറ്റിയ കാൽ തറയിലുമായാണ് കിടന്നിരുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശിശു മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും.
യുവതി ഏഴുമാസം ഗർഭിണിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഐ.ടി. സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നും ഏതാനുംമാസംമുമ്പ് പിണങ്ങിയതായും പറയപ്പെടുന്നു.
ഗർഭമലസിപ്പിക്കാനുള്ള യുവതിയുടെ ശ്രമം വിജയിച്ചിരുന്നില്ല. കുഞ്ഞിനെ യുവതി കൊല്ലാൻ ശ്രമിച്ചതാണെന്ന് സംശയമുണ്ടെന്നും ഇതുതെളിയിക്കപ്പെട്ടാൽ അവരുടെ പേരിൽ കൊലക്കുറ്റം ചുമത്തുമെന്നും മാമ്പലം പോലീസ് അറിയിച്ചു.