ചെന്നൈ : വന്യമൃഗങ്ങളുടെ ദാഹം ശമിപ്പിക്കാൻ വനത്തിൽ സജ്ജീകരിച്ചിരിക്കുന്ന വെള്ളത്തൊട്ടികൾ നിറയ്ക്കുന്നത് ഊർജിതപ്പെടുത്തി വനംവകുപ്പ്.
ഉദുമൽപേട്ട, അമരാവതി, വണ്ടറവ്, കൊഴുമം തുടങ്ങിയ നാല് റേഞ്ചുകളിലായി 40,000 മുതൽ 50,000 ലിറ്റർവരെ സംഭരണശേഷിയുള്ള അൻപതോളം തൊട്ടികളാണു നിർമിച്ചത്.
ഓരോന്നിലും വെള്ളം കുറയുന്ന മുറയ്ക്ക് നിറച്ചുകൊണ്ടിരിക്കുകയാണ്. ഇതുവഴി വന്യമൃഗങ്ങൾക്കു കുടിവെള്ളമുറപ്പാക്കുന്നതിനൊപ്പം അവ വെള്ളം തേടി വനത്തോടു ചേർന്നുള്ള ഗ്രാമങ്ങളിലേക്കും പാടങ്ങളിലേക്കും ഇറങ്ങുന്നതു തടയാനുമാകുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
നാല് റേഞ്ചുകളിലായി സ്ഥാപിച്ചിരിക്കുന്ന തൊട്ടികളിൽ ഏതാണ്ട് 25 എണ്ണത്തിൽ വെള്ളം ടാങ്കറിൽ കൊണ്ടുചെന്ന് നിറയ്ക്കുകയാണ് ചെയ്യുന്നത്.
ബാക്കിയുള്ളതിൽ അതതു പ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കുഴൽക്കിണറുകളിൽനിന്ന് വെള്ളം പമ്പ് ചെയ്തു നിറയ്ക്കും.
കുഴൽക്കിണറുകളിലെ വെള്ളം കുറഞ്ഞാൽ അവിടെയുള്ള തൊട്ടികളിലും ടാങ്കർവെള്ളം എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.