ചെന്നൈ : സാമൂഹികനീതിയെന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് തമിഴ്നാട്ടിലെ എം.കെ. സ്റ്റാലിൻ സർക്കാർ ചൊവ്വാഴ്ച നാലാംവർഷത്തിലേക്കുകടന്നു.
പ്രവർത്തിക്കുന്ന സർക്കാരാണ് തന്റേതെന്ന് തെളിയിക്കാൻകഴിഞ്ഞെന്നും മൂന്നുവർഷത്തെ കഠിനാധ്വാനത്തിന്റെഫലം പാവങ്ങളുടെ മുഖത്ത് പുഞ്ചിരിയായി കാണുന്നുണ്ടെന്നും മന്ത്രിസഭാ വാർഷികദിനത്തിൽ സ്റ്റാലിൻ പറഞ്ഞു.
”നിങ്ങളുടെയെല്ലാം പിന്തുണയോടെയും വിശ്വാസത്തോടെയുമാണ് ഞാൻ മുഖ്യമന്ത്രിസ്ഥാനമേറ്റത്. മൂന്നുവർഷം പിന്നിട്ട സർക്കാർ നാലാംവർഷത്തിലേക്കു കടന്നിരിക്കുകയാണ്.
പ്രസംഗിക്കുകയല്ല, പ്രവൃത്തിക്കുകയാണ് ഈ കാലയളവിൽ ചെയ്തത്. സാധാരണക്കാരുടെ ക്ഷേമം ലക്ഷ്യമാക്കി ഒട്ടേറെ പദ്ധതികൾ നടപ്പാക്കാൻകഴിഞ്ഞു.
ഗുണഭോക്താക്കളുടെ മുഖത്തുകാണുന്ന സന്തോഷം അതിനു തെളിവാണ്” – ചൊവ്വാഴ്ച പുറത്തുവിട്ട വീഡിയോസന്ദേശത്തിൽ സ്റ്റാലിൻ പറഞ്ഞു.
ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിച്ചവരുടെ പ്രതികരണങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നീണ്ട പത്തുവർഷം പ്രതിപക്ഷത്തിരുന്നശേഷം 2021 മേയ് ഏഴിനാണ് എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയായി അധികാരമേറ്റത്.
എല്ലാം എല്ലാവർക്കുമുള്ളതാണ് എന്ന സാമൂഹികനീതിയുടെ ആശയം മുറുകെപ്പിടിച്ചുകൊണ്ടുള്ള സാമ്പത്തിക വളർച്ചയാണ് തന്റെ സർക്കാർ ലക്ഷ്യംവെക്കുന്നത് എന്ന് സ്റ്റാലിൻ പറയുന്നു. ഈ ഭരണമാതൃകയെ ‘ദ്രാവിഡ മോഡൽ’ എന്നാണദ്ദേഹം വിശേഷിപ്പിക്കുന്നത്.