മുൻ മന്ത്രിയെയും എം.എൽ.എ.യെയും കോൺഗ്രസ് നേതാവിന്റെ മരണം സംബന്ധിച്ച് ചോദ്യം ചെയ്യുന്നു

0 0
Read Time:2 Minute, 42 Second

ചെന്നൈ : തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെ.പി.കെ. ജയകുമാർ ധനസിങ്ങിന്റെ ദുരൂഹമരണത്തിൽ മുൻ കേന്ദ്രമന്ത്രി ധനുഷ്‌കോടി ആദിത്യൻ, നാങ്കുനേരി എം.എൽ.എ. റൂബി മനോഹരൻ എന്നിവരെ പോലീസ് ചോദ്യം ചെയ്യുന്നു.

തൂത്തുക്കുടിയിലെ സ്വകാര്യകോളേജിൽ വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്യൽ.

റൂബി മനോഹരൻ തിരഞ്ഞെടുപ്പ് ചെലവിനായി ജയകുമാറിൽനിന്ന് വാങ്ങിയ ലക്ഷക്കണക്കിനു രൂപ തിരികെനൽകിയില്ലെന്നു പറയപ്പെടുന്നു.

ധനുഷ്‌കോടി ആദിത്യനെയും പണമിടപാടു സംബന്ധിച്ച കാര്യങ്ങളറിയാനാണ് ചോദ്യംചെയ്യുന്നത്. തമിഴ്‌നാട് കോൺഗ്രസ് മുൻ അധ്യക്ഷൻ കെ.വി. തങ്കബാലുവും നടപടി നേരിടുന്നുണ്ട്.

ഇനിയും ഒട്ടേറെ പ്രമുഖരെ ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന.

ജയകുമാർ കൊല്ലപ്പെട്ടതാണോ, ആത്മഹത്യയാണോ എന്ന കാര്യത്തിൽ ഇനിയും കൃത്യതയുണ്ടായിട്ടില്ല. എട്ടു പ്രത്യേകസംഘങ്ങളാണ് അന്വേഷിക്കുന്നത്.

ജയകുമാർ എഴുതിയ രണ്ടു കത്തുകൾ കണ്ടെടുത്തു. പലരും തനിക്ക് ലക്ഷക്കണക്കിനു രൂപ തരാനുണ്ടെന്ന് ഇതിൽ വ്യക്തമാക്കിയിരുന്നു.

പാർട്ടി ലെറ്റർപാഡിൽ തിരുനെൽവേലി ജില്ലാ പോലീസ് സൂപ്രണ്ടിന് ഏപ്രിൽ 30-ന് ജയകുമാർ എഴുതിയ മറ്റൊരു കത്തിൽ വ്യവസായികളും രാഷ്ട്രീയ പ്രമുഖരും ഉൾപ്പെടെയുള്ളവർ വധഭീഷണി മുഴക്കുന്നതായി സൂചന നൽകിയിരുന്നു.

ജീവന് അപകടമുണ്ടായാൽ അവർ ഉത്തരവാദികളായിരിക്കുമെന്നും കുറിച്ചിട്ടുണ്ട്.

ഫൊറൻസിക് വിഭാഗം മൃതദേഹം കണ്ടെടുത്ത സ്ഥലത്തെ തെളിവുകൾ പരിശോധിക്കുകയാണ്. അതിനിടെ, ജയകുമാറിന്റെ മൃതദേഹം ഞായറാഴ്ച സംസ്കരിച്ചു.

മേയ് രണ്ടിനാണ് ജയകുമാറിനെ കാണാതായത്. മകൻ ജഫ്രിൻ പോലീസിൽ പരാതി നൽകിയതിനുപിന്നാലെയാണ് കഴിഞ്ഞ ശനിയാഴ്ച വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts