ചെന്നൈ : അപകടകാരികളായ 23 ഇനം നായകളെ ഇറക്കുമതി ചെയ്യുന്നതും പ്രജനനം നടത്തുന്നതും വിൽക്കുന്നതും നിരോധിച്ചുകൊണ്ട് തമിഴ്നാട് മൃഗക്ഷേമവകുപ്പ് ഉത്തരവിറക്കി.
രജിസ്ട്രേഷനില്ലാതെ നായകളെ വളർത്തുന്നവർക്ക് 1000 രൂപ പിഴശിക്ഷ വിധിക്കുമെന്ന് ചെന്നൈ നഗരസഭയും അറിയിച്ചിട്ടുണ്ട്.
നഗരത്തിലെ പാർക്കിൽ കളിക്കുകയായിരുന്ന ബാലികയ്ക്ക് രണ്ട് റോട്ട് വീലർ നായകളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റതിന്റെ പശ്ചാത്തലത്തിലാണ് വളർത്തുനായകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
അപകടകാരികളായ നായകളുടെ പ്രജനനം തടയണമെന്നാവശ്യപ്പെട്ട് രണ്ടുമാസംമുമ്പ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച നിർദേശത്തിന്റെ ചുവടുപിടിച്ചാണ് തമിഴ്നാട് സർക്കാർ വ്യാഴാഴ്ച ഉത്തരവിറക്കിയത്.
റോട്ട് വീലർ, അമേരിക്കൻ ബുൾഡോഗ്, കോക്കേഷ്യൻ ഷെപേർഡ്, വൂൾഫ് ഡോഗ്, പിറ്റ്ബുൾ ടെറിയർ, ഡോഗോ അർജന്റീന തുടങ്ങിയ നായകൾക്കാണ് നിരോധനം ബാധകമാവുക. ഇത്തരം നായകളെ വളർത്തു
ന്നവർ അവ പെറ്റുപെരുകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് വന്ധ്യംകരിക്കണം. പുറത്തിറക്കുമ്പോൾ ചങ്ങലയും മുഖാവരണവും ധരിപ്പിക്കുകയും വേണം.
ശീതമേഖലകളിൽ കണ്ടുവരുന്ന നീളൻ രോമക്കുപ്പായമുള്ള നായ് ഇനങ്ങളെ വളർത്തുന്നതും വിൽക്കുന്നതും നിയന്ത്രിച്ചുകൊണ്ട് തമിഴ്നാട് സർക്കാർ നേരത്തേ ഉത്തരവിറക്കിയിരുന്നു.
നായ്ക്കളെ പ്രജനനം നടത്തുന്നവർ ഏതൊക്കെ ഇനങ്ങളെയാണ് ഉപയോഗിക്കുന്നത് എന്നകാര്യം തമിഴ്നാട് മൃഗക്ഷേമബോർഡിൽ രജിസ്റ്റർ ചെയ്യണം.
നായ്ക്കളെ വാങ്ങുന്നവരുടെ പേരു വിവരവും ബോർഡിന് നൽകണം