ചെന്നൈ : കേരളത്തിലെ ചില ജില്ലകളിൽ വെസ്റ്റ്നൈൽ പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തമിഴ്നാട് സർക്കാർ ജാഗ്രതാനിർദേശം നൽകി. പരിഭ്രാന്തരാവേണ്ടകാര്യമില്ലെന്നും മുൻകരുതലും തക്കസമയത്ത് ചികിത്സയും സ്വീകരിച്ചാൽ മതിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് വെസ്റ്റ്നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യശരീരത്തിലേക്കെത്തുന്നത്. രോഗപ്പകർച്ചയുണ്ടാകുന്നതാകട്ടെ പക്ഷികളിൽനിന്ന് കൊതുകുകൾ വഴി വൈറസ് മനുഷ്യരിലേക്കും. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല.
തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
പ്രത്യേക വാക്സിനുകളോ ആന്റിവൈറസ് ചികിത്സകളോ ഇല്ല. രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് നൽകാറുള്ളത്. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് രോഗം പൂർണമായും ഭേദമാകും. എന്നാൽ, രോഗംമൂലം ശരീരത്തിനുണ്ടായ ക്ഷീണം മാറാൻ മാസങ്ങൾ വേണ്ടിവന്നേക്കാം.
കൊതുക് വഴി പകരുന്നതിനാൽ കൊതുകിന്റെ ഉറവിടനശീകരണമാണ് പ്രതിരോധമാർഗത്തിൽ പ്രധാനം.